ന്യൂഡൽഹി: റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി ‘ സൂപ്പർ ആപ്’ ഇറക്കാൻ റെയിൽവേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിന്‍ എവിടെ എത്തി എന്നറിയാനും അടക്കം റെയിൽവേയുടെ വിവിധ സേവനങ്ങൾക്ക് നിരവധി മൊബൈൽ ആപ്പുകളായിരുന്നു നാം ഉപയോഗിച്ചിരുന്നത്. റെയില്‍വേതന്നെ ഇതിനായി ഡസനിലധികം ആപ്പുകള്‍ പലവിധ സേവനങ്ങള്‍ക്കായി പുറത്തിറക്കിയിരുന്നു. ഇനിയതിന്റെ ആവശ്യമില്ല.
ഐ.ആർ.സി.ടി.സി ടിക്കറ്റ് ബുക്കിങ്, അൺ റിസർവ്ഡ് ടിക്കറ്റ് ബുക്കിങ് (യു.ടി.എസ്), ടിക്കറ്റ് കാൻസൽ ചെയ്യൽ, യാത്രക്കിടെ ഭക്ഷണം ഓർഡർ ചെയ്യൽ, പരാതി നൽകൽ, ട്രെയിനുകളുടെ തത്സമയ വിവരം, അന്വേഷണം, ഹോട്ടൽ ബുക്കിങ് അടക്കം എല്ലാ സേവനങ്ങളും ‘സൂപ്പർ ആപ്’ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാകുമെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.
റെയിൽവേ സേവനങ്ങൾക്കായി സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷ സംബന്ധിച്ച് ഉപഭോക്താക്കൾക്കുണ്ടാകുന്ന ആശയങ്കയും ‘സൂപ്പർ ആപ്’ ഉപയോഗിക്കുന്നതോടെ ഇല്ലാതാവുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
90 കോടി രൂപയോളം ചെലവിട്ട് റെയിൽവേ ഐ.ടിക്ക് കീഴിലുള്ള സെന്റർ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (സി.ആർ.ഐ.എസ്) ആണ് ‘സൂപ്പർ ആപ്’ പുറത്തിറക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐ.ആർ.സി.ടി.സി ടിക്കറ്റ് ബുക്കിങ് പകുതിയോളവും മൊബൈല്‍ ആപ് വഴിയാണ് നടന്നത്.