കൊച്ചി: ദലിത് യുവതിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന കേസിൽ അറസ്റ്റിലായ യുട്യൂബർ സൂരജ് പാലാക്കാരൻ തൃശൂരിലെ സിനിമ പ്രവർത്തകയെയും അപമാനിച്ചിട്ടുണ്ടെന്ന ആരോപണത്തിന്‍റെ നിജസ്ഥിതി തേടി ഹൈകോടതി. സൂരജ് നൽകിയ ജാമ്യ ഹരജിയെ എതിർത്ത് പരാതിക്കാരി ഉന്നയിച്ച ആരോപണം സംബന്ധിച്ചാണ് ജസ്റ്റിസ് മേരി ജോസഫ് വിശദാംശങ്ങൾ തേടിയത്. തുടർന്ന് ജാമ്യ ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിക്കുന്ന തരത്തിൽ ഇന്റർവ്യൂ നൽകിയെന്ന കേസിലാണ് സൂരജ് അറസ്റ്റിലായത്. പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുമെന്ന് വിലയിരുത്തി നേരത്തേ ഹൈകോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
തന്നെ മാത്രമല്ല, സിനിമ പ്രവർത്തകയെയും സൂരജ് അപമാനിച്ചിട്ടുണ്ടെന്ന് പരാതിക്കാരി വാദത്തിനിടെ കോടതിയെ അറിയിക്കുകയായിരുന്നു. സൂരജിന്‍റെ ജാമ്യ ഹരജി സെഷൻസ് കോടതി നേരത്തേ തള്ളിയിരുന്നു.