കൊൽക്കത്ത : ബിസിസിഐ പ്രസിഡന്റ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായി സൗരവ് ഗാംഗുലിയുടെ വീട്ടിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് വിരുന്ന്. ഇന്ന് രാത്രിയാണ് ഗാംഗുലിയുടെ വീട്ടിൽ മന്ത്രിക്ക് വിരുന്നൊരുക്കുന്നത്. അമിത് ഷാക്ക് സസ്യവിഭവങ്ങൾ മാത്രമാണ് തയ്യാറാക്കിയിരുന്നതെന്ന് ഗാംഗുലി പറഞ്ഞു. അത്താഴത്തിനുള്ള തന്റെ ക്ഷണം ആഭ്യന്തരമന്ത്രി സ്വീകരിച്ചെന്നും ഇന്ന് വൈകുന്നേരം ഒരുമിച്ച് ഭക്ഷണം കഴിക്കുമെന്നും ഗാംഗുലി പറഞ്ഞു. 2008 മുതൽ തനിക്ക് അമിത് ഷായെ പരിചയമുണ്ടെന്നും ഗാംഗുലി പറഞ്ഞു.
കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിൽ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ‘മുക്തി-മാത്രിക’ എന്ന സാംസ്കാരിക പരിപാടിയിലും അമിത് ഷാ പങ്കെടുക്കും. പരിപാടിയിൽ ഒഡീസി നർത്തകിയും സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ ഗാംഗുലിയുടെ നൃത്ത ട്രൂപ്പായ ദിക്ഷ മഞ്ജരിയുടെയും നൃത്തവും പരിപാടിയിൽ അവതരിപ്പിക്കും. ബംഗാളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമിത് ഷാ പര്യടനം നടത്തുന്നത്. മൂന്ന് ദിവസമാണ് സന്ദർശനം. പ്രധാന നേതാക്കളെയും പാർട്ടി അനുഭാവികളെയും കാണുന്നുണ്ട്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നിയമസഭയിലും മികച്ച പ്രകടനം നടത്താമെന്നാണ് ബിജെപി പ്രതീക്ഷിച്ചത്. എന്നാൽ 200 സീറ്റിലധികം നേടി തൃണമൂൽ കോൺഗ്രസ് വിജയിച്ചു. സൗരവ് ഗാംഗുലി അമിത് ഷാക്ക് വിരുന്നൊരുക്കുന്നത് ആകാംക്ഷയോടെയാണ് ബംഗാൾ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഗാംഗുലി ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു.