ഗാസ സിറ്റി> ജനസാന്ദ്രതയേറിയ റാഫയിൽ കടന്നാക്രമിക്കാനുള്ള ഇസ്രയേൽ തീരുമാനത്തിനെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക. ഗാസയിലെ പലസ്‌തീൻകാരുടെ അവകാശങ്ങൾ ലംഘിക്കുന്നത് തടയാൻ കോടതി ഇടപെടണമെന്ന് അടിയന്തര അഭ്യർഥന നടത്തി. റാഫയിൽ കടന്നാക്രമണം നടത്തിയാൽ വംശഹത്യ കൺവൻഷന്റെയും ജനുവരി 26ലെ നീതിന്യായ കോടതി ഉത്തരവിന്റെയും ഗുരുതര ലംഘനമായിരിക്കും. അടിയന്തരമായി ഇടപെടണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു.
അതേസമയം റാഫയിൽ ഒഴിപ്പിക്കലിന്റെ ഭാഗമാകില്ലെന്ന് ഐക്യരാഷ്‌ട്ര സംഘടന അറിയിച്ചു. ഇസ്രയേലിൽനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെന്നും നിർബന്ധിത ഒഴിപ്പിക്കലുകളിൽ യുഎൻ പങ്കെടുക്കുന്നില്ലെന്നും വക്താവായ ജെൻസ് ലാർക്ക് പറഞ്ഞു. ഗാസയിൽ ഇസ്രയേൽ അതിക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28,473 കവിഞ്ഞു. രണ്ട് ബന്ദികളെ രക്ഷിക്കുന്നതിനിടയിൽ ഇസ്രയേൽ കൊലപ്പെടുത്തിയവരുടെ എണ്ണം 72 ആയി.
ഇസ്രയേൽ ഗാസയിലെ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. റാഫയിൽ മാനുഷിക ദുരന്തം തടയാൻ ഇസ്രയേൽ സാധ്യമായതെല്ലാം ചെയ്യണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.ഗാസയിലെ വെടിനിർത്തൽ–- ബന്ദികൈമാറ്റ ചർച്ചകള്‍ക്കായി സിഐഎ തലവൻ വില്യം ബേൺസ് കെയ്‌റോയിലെത്തി. അമേരിക്കയിൽ പ്രസിഡന്റ് ജോ ബൈഡനും ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും കൂടിക്കാഴ്‌ച നടത്തി.