ജനീവ: ദക്ഷിണേഷ്യയിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബാലവധുക്കള്‍ ഉള്ളതെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. ബുധനാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഈ മേഖലയില്‍ 290 ദശലക്ഷം പ്രായപൂര്‍ത്തിയാകാത്ത വധുക്കളുണ്ട്. ആഗോളതലത്തില്‍ നോക്കിയാല്‍ 45 ശതമാനം ബാലവധുക്കളും ഭക്ഷിണേഷ്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മൂലം വര്‍ധിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളും സ്‌കൂള്‍ അടച്ചുപൂട്ടലും കുടുംബങ്ങളെ അവരുടെ പെണ്‍മക്കളെ ചെറുപ്രായത്തില്‍ വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും യുനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പഠിക്കാന്‍ പരിമിതമായ ഓപ്ഷനുകളുള്ള പെണ്‍മക്കള്‍ക്ക് വിവാഹമാണ് ഏറ്റവും മികച്ച ഓപ്ഷനായി പല മാതാപിതാക്കളും കാണുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേപ്പാളില്‍ 20, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ 18, അഫ്ഗാനിസ്ഥാനില്‍ 16 എന്നിങ്ങനെയാണ് സ്ത്രീകളുടെ വിവാഹപ്രായം. മഹാമാരി സമയത്ത് വീട്ടിലെ ചെലവുകള്‍ കുറയ്ക്കുന്നതിനായി തങ്ങളുടെ പെണ്‍മക്കളെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിപ്പിക്കാന്‍ കുടുംബങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പ്രേരിപ്പിച്ചതായും യുഎന്‍ പഠനം കണ്ടെത്തി.