പാലക്കാട്> സംസ്ഥാനത്തെ റെയിൽവേ ഓഫീസുകളും സ്ഥാപനങ്ങളും മംഗളൂരുവിലേക്ക് മാറ്റാനുള്ള നടപടികളുമായി ദക്ഷിണ റെയിൽവേ. ഷൊർണൂരിലെ എക്സ്പ്രസ് ട്രെയിൻ കോച്ച് അറ്റകുറ്റപ്പണി നടത്തുന്ന ഡിപ്പോ മംഗളൂരുവിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇതിനുള്ള നടപടി റെയിൽവേ പൂർത്തിയാക്കി. എന്നാൽ ഇടത് തൊഴിലാളി സംഘടനയായ -ഡിആർഇയു (ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ) വിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് തുടർ നടപടി താൽക്കാലികമായി നിർത്തിവച്ചിരിക്കയാണ്.
കോച്ചുകളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ ഭൂമിയും ഷൊർണൂരിൽ ഉള്ളപ്പോഴാണ് റെയിൽവേയുടെ തലതിരിഞ്ഞ നടപടി. ഡിപ്പോയിൽ പണിയെടുക്കുന്ന ഭൂരിഭാഗം തൊഴിലാളികളും പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലക്കാരാണ്. ഡിപ്പോയ്‌ക്കൊപ്പം ഇവരെയും മംഗളൂരുവിലേക്ക് മാറ്റും. ലോക്കോ പൈലറ്റുമാരുടെയും ട്രെയിൻ മാനേജർമാരുടെയും ഡിപ്പോ മംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിപ്പിക്കാനുള്ള ശ്രമം റെയിൽവേ നേരത്തേ തുടങ്ങിയിട്ടുണ്ട്. 2001 ൽ കണ്ണൂർ കേന്ദ്രീകരിച്ചുള്ള ലോക്കോ പൈലറ്റ് ഡിപ്പോയും ട്രെയിൻ മാനേജർ ഡിപ്പോയും അടച്ചുപൂട്ടി. പകരം മംഗളൂരുവിൽ പുതിയ ഡിപ്പോ ആരംഭിച്ചു. പിന്നീട് കോഴിക്കോട്, ഷൊർണൂർ, പാലക്കാട് ജങ്ഷൻ എന്നീ ഡിപ്പോകളിൽനിന്ന് തൊഴിലാളികളെ മംഗളൂരു ഡിപ്പോയിലേക്ക് ഘട്ടമായി സ്ഥലം മാറ്റുകയാണ്. സംസ്ഥാനത്തെ ഡിപ്പോകളിലെ ഒഴിവ് നികത്താതെ പോസ്റ്റുകൾ മംഗളൂരു ഡിപ്പോയിലേക്ക് മാറ്റുന്നു.
കോവിഡ് വ്യാപിക്കുന്നതിന് മുമ്പ് 60 ലോക്കോ പൈലറ്റുമാർ മാത്രമുണ്ടായിരുന്ന മംഗളൂരു ഡിപ്പോയിലിപ്പോൾ 120 ഓളം ലോക്കോ പൈലറ്റുമാരുണ്ട്. ക്വാട്ടേഴ്സുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നുമില്ലാത്ത മംഗളൂരുവിൽ കൂടുതൽ തസ്‌തികയും അനുവദിക്കുന്നു.
കോഴിക്കോട് ഡിപ്പോയിൽ നിലവിലുള്ള 14 ലോക്കോ പൈലറ്റ് ഗുഡ്സ് തസ്‌തികകൾ മംഗളൂരു ഡിപ്പോയിലേക്ക് മാറ്റാൻ ദക്ഷിണ റെയിൽവേ നടപടി ആരംഭിച്ചിട്ടുണ്ട്. മംഗളൂരു ഡിപ്പോ ഏറ്റെടുക്കാനുള്ള മൈസൂരു, ബംഗളൂരു ഡിവിഷനുകളുടെ ശ്രമവും ഒരുവശത്ത് നടക്കുന്നു. മംഗളൂരു ഈ ഡിവിഷനുകൾ ഏറ്റെടുത്താൽ കേരളത്തിന്റെ റെയിൽവേ വികസനം പെരുവഴിയിലാകും.