തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച്ചയുണ്ടായ സംഭവത്തില്‍ നടപടി. സെക്യൂരിറ്റി ചുമതലയുള്ള എസ്‍ പി വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് മാറ്റം. രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം ക്രമം തെറ്റിച്ച് കയറിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തുമ്പോൾ എസ് പി പ്രോട്ടോകോൾ ലംഘിച്ചെന്നും ഐ ബി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച്ചയുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യാ രാജേന്ദ്രന്‍റെ വാഹനം കയറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ.
വിമാനത്താവളത്തില്‍ നിന്ന് പി എൻ പണിക്കര്‍ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാൻ പൂജപ്പുരയിലേക്ക് പോകുംവഴിയാണ് സുരക്ഷാ വീഴ്ച്ച ഉണ്ടായത്. വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാൻ മേയര്‍ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിന് ശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയത്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയര്‍ വിവിഐപി വാഹനവ്യൂഹത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. തുമ്പ സെന്‍റ് സേവ്യേഴ്സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ഭാഗം വരെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം സഞ്ചരിച്ചു. ജനറല്‍ ആശുപത്രിക്ക് സമീപം വെച്ച് മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് ഇടയില്‍ കയറി. പുറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്.