ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ സമാജ്‌വാദി പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. സമാജ്‌വാദി പാര്‍ട്ടി ദേശ വിരുദ്ധരെ സംരക്ഷിക്കുകയാണെന്ന് നദ്ദ പറഞ്ഞു. ദേശ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗൊരഖ്പുര്‍ ഹര്‍കത്ത് ഉള്‍ മുജാഹിദ്ദീന്‍ ആക്രമണത്തിന് കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പേരെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് സംരക്ഷിച്ചെന്നും നദ്ദ ആഞ്ഞടിച്ചു. രാംപൂരില്‍ സി ആര്‍ പി എഫ് ആക്രമിക്കപ്പെട്ടപ്പോഴും അഖിലേഷ് ഭീകരരെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയെന്നും നദ്ദ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്ന് വൈകീട്ട് നദ്ദ ഉത്തര്‍പ്രദേശ് മൊറാദാബാദിലെത്തും.
ഇതിന് മുന്നോടിയായാണ് അദ്ദേഹം സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈകീട്ട് 3 മണിയോടെ മൊറാദാബാദിലെത്തി പൊതുപരിപാടിയില്‍ സംബന്ധിച്ച ശേഷം 4 മണിയോടെ നദ്ദ നോയിഡയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. തുടര്‍ന്ന് അമ്രോഹ, ഗജ്‌റൗല എന്നിവിടങ്ങളിലെ പൊതുപരിപാടികളിലും നദ്ദ പങ്കെടുക്കും. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ പ്രബലന്മാരെ ഉള്‍പ്പെടെ പ്രചരണത്തിറക്കി കളം പിടിക്കാന്‍ പരിശ്രമിക്കുകയാണ് ബിജെപി. നദ്ദയെക്കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രചരണത്തിനായി ഉടന്‍ ഉത്തര്‍ പ്രദേശിലെത്തും. ഗജ്‌റൗളയിലെ പൊതുപരിപാടിയിലാണ് അമിത് ഷാ പങ്കെടുക്കുക. ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.