വിയന്ന : യുവേഫ നേഷന്‍സ് ലീഗില്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് ഇന്ന് ഓസ്ട്രിയയെ നേരിടും. രണ്ട് കളിയില്‍ ഒരു പോയിന്റ് മാത്രമുള്ള ഫ്രാന്‍സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. കരിം ബെന്‍സേമ, കിലിയന്‍ എംബാപ്പേ മുന്നേറ്റ ജോഡിയിലാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ. രാത്രി 12.15നാണ് കളി തുടങ്ങുക. ഇതേസമയം തന്നെ ക്രോയേഷ്യ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തുള്ള ഡെന്‍മാര്‍ക്കുമായി ഏറ്റുമുട്ടും. ഫ്രാന്‍സിനെയും ഓസ്ട്രിയയെയും തോല്‍പിച്ച ആത്മവിശ്വാസവുമായാണ് ഡെന്‍മാര്‍ക്ക് ഇറങ്ങുക. ക്രോയേഷ്യക്ക് രണ്ട് കളിയില്‍ ഒരു പോയിന്റ് മാത്രമാണുള്ളത്.
അതേസമയം പോര്‍ച്ചുഗല്‍ കഴിഞ്ഞ ദിവസം വിജയം സ്വന്തമാക്കി. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്. 33ആം മിനിറ്റില്‍ ജാവോ കാന്‍സെലോയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ നേടിയത്. അഞ്ച് മിനിറ്റിന് ശേഷം ഗോണ്‍സാലോ ഗെഡസ് ലീഡുയര്‍ത്തി. മൂന്ന് കളിയില്‍ ഏഴ് പോയിന്റുമായി പോര്‍ച്ചുഗലാണ് ഗ്രൂപ്പില്‍
സ്വിറ്റ്‌സര്‍ലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. സ്‌പെയിന്‍ എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. പതിമൂന്നാം മിനുറ്റില്‍ പാബ്ലോ സറാബിയ ആണ് ഗോള്‍ നേടിയത്. ജയത്തോടെ സ്‌പെയിന്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തേക്ക് മുന്നേറി. മറ്റൊരു മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത ഒരു ഗോളിന് സെര്‍ബിയ തോല്‍പ്പിച്ചു. ലൂക്കാ ജോവിച്ചാണ് സെര്‍ബിയയുടെ വിജയഗോള്‍ നേടിയത്. നോര്‍വെയെ സ്ലൊവേനിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു.