കണ്ണൂർ: സുപ്രധാന ഭരണഘടനാ പദവിയേറ്റെടുക്കാനിരിക്കെ മനസ്സ് തുറന്ന് നിയുക്ത സ്പീക്കറും തലശ്ശേരി എംഎൽഎയുമായ എ.എൻ.ഷംസീർ. നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രകടനം മികച്ചതാണെന്ന് എ.എൻ.ഷംസീർ പറഞ്ഞു. മികച്ച പ്രകടനമാണ് സഭയ്ക്ക് അകത്ത് പ്രതിപക്ഷം ഇപ്പോൾ നടത്തുന്നത്. എന്നാൽ പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള കരുത്ത് ഭരണപക്ഷത്തിനുണ്ട്. ഭരണപക്ഷത്തിനായി മുൻനിരയിൽ പോരാടിയ ആളാണെങ്കിലും തന്നോട് ഇടപെടുമ്പോൾ സമാജികർക്ക് ആ മുൻവിധി വേണ്ടെന്ന് പറയുന്ന ഷംസീർ രാഷ്ട്രീയചായ്വ് കാണിക്കാതെ താൻ സഭയെ നയിക്കുമെന്നും പറഞ്ഞു വയ്ക്കുന്നു.
സ്ഥാനമൊഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തൻ്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചും അഭിമുഖത്തിൽ ഷംസീർ മനസ്സ് തുറന്നു. കോടിയേരി എനിക്ക് പിതൃതുല്യനായ വ്യക്തിയാണ്. ഒരു മകനെ പോലെ കോടിയേരി എന്നെ കൂടെ നിർത്തി. തിരുത്തിയും ശാസിച്ചും മുന്നോട്ട് കൊണ്ടു പോയി. എൻ്റെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയത് തന്നെ കോടിയേരിയാണ് – ഷംസീർ പറഞ്ഞു.
അതേസമയം തനിക്ക് നേരെയുണ്ടായ രാഷ്ട്രീയ വിവാദങ്ങളിലും ഷംസീർ പ്രതികരിക്കുന്നുണ്ട്. ഉയർന്ന യോഗ്യതയുണ്ടായിട്ടും ഭാര്യയുടെ നിയമനം ചിലർ വിവാദമാക്കിയെന്ന് പറഞ്ഞ ഷംസീർ സിപിഎം നേതാക്കൾ വിദ്യാഭ്യാസം ഇല്ലാത്തവരെ കല്യാണം കഴിക്കണോ എന്നും ചോദിക്കുന്നു.
രാജ്യത്തെ മുസ്ലീങ്ങൾക്ക് ഇന്ന് വിശ്വസിക്കാനാവുക സിപിഎമ്മിനെ മാത്രമാണെന്നും മതനേതാക്കൾക്ക് മുഖ്യമന്ത്രിയെ ഇടനിലക്കാരില്ലാതെ കാണാൻ സാധിക്കുമെന്ന അവസ്ഥ നിലവിലുണ്ടെന്നും ഷംസീർ പറയുന്നു. സമസ്ത പറഞ്ഞപ്പോൾ വഖഫ് ബില്ല് റദ്ദാക്കിയത് ഉദാഹരണമാണെന്നും ഷംസീർ ചൂണ്ടിക്കാട്ടി.