തിരുവനന്തപുരം: നയം വ്യക്തമാക്കി കേരള നിയമസഭയുടെ പുതിയ സ്പീക്കര്‍ എ എന്‍ ഷംസീര്‍. സഭാ നടപടികളിൽ കേരളം ഇന്ത്യക്ക് മാതൃകയാണ്.പ്രാധാന്യം ഉള്ള വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തുന്നു.അതിന് കൃത്യമായി ഭരണപക്ഷം മറുപടി പറയുന്നു.എല്ലാ അടിയന്തര പ്രമേയങ്ങളും തള്ളുന്ന പതിവ് ഇവിടെ ഇല്ല.15ആം നിയമസഭയിൽ വലിയ തലമുറ മാറ്റം ഉണ്ടായി.അതിന് അനുസരിച്ചുള്ള റോൾ ആയിരുന്നു നേരത്തെ സഭയിൽ സ്വീകരിച്ചത്.സ്പീക്കർ എന്ന നിലയിൽ മറ്റൊന്നാണ് റോൾ.സഭയ്ക്ക് ആകത്ത് നിഷ്പക്ഷനായിരിക്കും.പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കും.രാഷ്ട്രീയം പറയേണ്ട ഘട്ടങ്ങളിൽ പറയും.
പുസ്തകം വായിച്ചു സഭയ്ക്ക് അകത്തെ കാര്യങ്ങൾ പഠിച്ച ആൾ അല്ല താൻ .നേരിട്ട് അറിഞ്ഞാണ് സഭാ നടപടികൾ പഠിച്ചത്.ഗവർണർ — സർക്കാർ ഉരസലുകളില്‍ മുഖ്യമന്ത്രി തന്നെ അക്കാര്യങ്ങൾ കൈകാര്യം ചെയ്യും.വിഷയങ്ങൾ പരിഹരിച്ചു പോകും.: ആരുമായും വ്യക്തിപരമായ വിരോധമില്ല.വിമർശങ്ങളെ സഹിഷ്ണുതയോടെ കാണുന്നു.തനിക്ക് എതിരായ ട്രോളുകൾ ആസ്വദിക്കുന്നുവെന്നും ഷംസീര്‍ പറഞ്ഞു.
കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി ഇന്നലെയാണ് എ എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടത്. എം ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവർ സാദത്തും മത്സരിച്ചു. ഷംസീറിന് 96 വോട്ട് ലഭിച്ചു. അൻവർ സാദത്തിന് 40 വോട്ട് കിട്ടി. ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ചെയറിലേക്ക് നയിച്ചു.പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും അഭിനന്ദിച്ചു.
സഭയുടെ ചരിത്രത്തിൽ സ്പീക്കർമാരുടേത് മികവാർന്ന പാരമ്പര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായത്തെ കടന്നു നിൽക്കുന്ന പക്വത ഷംസീറിനുണ്ട്. സഭയുടെ സമസ്ത മേഖലയിലും ചെറുപ്പത്തിന്‍റെ പ്രസരിപ്പ് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. സ്പീക്കറുടെ ഉത്തരവാദിത്വം ഗവണ്‍മെന്റ് ബിസിനസുകള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കലും പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കലുമാണ്.രണ്ടും സമതുലിതമായ വിധത്തില്‍ പാലിച്ചുകൊണ്ട് സഭാ നടപടിക്രമങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന്‍ പുതിയ സ്പീക്കര്‍ക്കും കഴിയും. സഭയുടെ അന്തസ്സും അച്ചടക്കവും പരിപാലിച്ചുകൊണ്ട് സഭയുടെ പ്രവര്‍ത്തനങ്ങളെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഈടുവയ്പായി മാറ്റാന്‍ കഴിയുന്ന തരത്തിലേക്ക് ഉയരാന്‍ ഷംസീറിന് കഴിയട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.മുന്‍ സ്പീക്കര്‍ എംബി രാജേഷിനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഷംസീർ നടന്നു കയറിയത് ചരിത്രത്തിന്‍റെ പടവുകളിലേക്കെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഖ്യാതമായ ഒരു പാട് നേതാക്കളുടെ മികച്ച പ്രസംഗങ്ങൾ ഉണ്ടായ സഭയാണ് കേരള നിയമസഭ.സർക്കാർ കാര്യങ്ങൾ നടത്തി കൊണ്ട് പോകുന്നതിനൊപ്പം പ്രതിപക്ഷ അവകാശങ്ങളെയും സ്പീക്കർ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.മുന്‍ സ്പീക്കര്‍ എംബി രാജേഷിന്റ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.