തിരുവനന്തപുരം/ന്യൂഡൽഹി : 12–14 പ്രായക്കാർക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് പ്രത്യേക നിറം നൽകും. ഏതുനിറമെന്ന് കേന്ദ്രമാർഗരേഖ ലഭിച്ചശേഷം തീരുമാനിക്കും. വാക്സീൻ മാറിപ്പോകാതിരിക്കാൻ സർക്കാർ കേന്ദ്രങ്ങളിലൂടെ മാത്രമേ 12–14 പ്രായക്കാർക്കു കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകാവൂ എന്നാണു നിർദേശം. മുതിർന്നവരുടെ വാക്സിനേഷൻ കൗണ്ടറിന് നീല നിറവും 15–17 പ്രായത്തിലുള്ളവരുടേതിന് പിങ്ക് നിറവുമാണ്. 15–17 പ്രായക്കാർക്കു കോവാക്സീനും 12–14 പ്രായക്കാർക്ക് കോർബെവാക്സുമാണു നൽകേണ്ടത്.
2010 മാർച്ച് 16ന് മുൻപ് ജനിച്ച കുട്ടികൾക്കായിരിക്കും ഇന്നു വാക്സീൻ ലഭിക്കുക. തുടർന്നുള്ള ദിവസങ്ങളിലും 12 വയസ്സ് പൂർത്തിയാകുന്നവർക്കു വാക്സീൻ ലഭിക്കും. 12 വയസ്സിൽ താഴെയുള്ളവർക്ക് ഒരു കാരണവശാലും വാക്സീൻ നൽകരുതെന്നു കേന്ദ്രം നിർദേശിച്ചു. അബദ്ധത്തിലോ മറ്റോ കോവിൻ പോർട്ടലിൽ ഇവർ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ രേഖകൾ പരിശോധിച്ച് ഒഴിവാക്കണം.
- വീട്ടുകാരുടെ പേരിലുള്ള കോവിൻ പോർട്ടൽ അക്കൗണ്ട് വഴിയോ പുതിയ മൊബൈൽ നമ്പർ വഴിയോ സ്ലോട്ട് ബുക്ക് ചെയ്യാം.
- സ്കൂൾ റജിസ്ട്രേഷൻ നോക്കാതെ തന്നെ ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്സീൻ നൽകാൻ നടപടി വേണം.