രത്നഗിരി: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊന്ന സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം അറിയിച്ചത്. മറാത്തി പത്രമായ ‘മഹാനഗരി ടൈംസ്’ ലേഖകൻ ശശികാന്ത് വാരിഷെയാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നതിനെതിരെയുള്ള സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ പകയായിരുന്നു കൊലപാതക കാരണം. സംഭവത്തിൽ പണ്ഡാരിനാഥ് അംബേദ്കര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എണ്ണ ശുദ്ധീകരണശാലക്ക് എതിരെ സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയതിന് നിലവിൽ കേസുള്ളയാളാണ് പണ്ഡാരിനാഥ് അംബേദ്കര്‍. ഇയാളുടെ ക്രിമിനൽ പശ്ചാത്തലങ്ങൾ വെളിപ്പെടുത്തി ശശികാന്ത് വാരിഷേയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കൊപ്പവും പണ്ഡാരിനാഥ് നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടത്. പട്ടാപ്പകൽ കാറിടിച്ചാണ് മാധ്യമ പ്രവർത്തകനെ കൊന്നത്. ശശികാന്ത് വരിഷെ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് കാറ് ഇടിച്ചു കയറ്റിയായിരുന്നു കൊലപാതകം. ഏറെ ദൂരം ശശികാന്തിനെ കാര്‍ ഇടിച്ച് വീഴ്ത്തി വലിച്ചിഴയ്ക്കുകയും പണ്ഡാരിനാഥ് ചെയ്തിരുന്നു.
ആളുകള്‍ ഓടിക്കൂടിയപ്പോഴേയ്ക്കും ഇയാള്‍ കടന്നുകളയുകയായിരുന്നു. രത്നഗിരിയിലെ നാണാറിലുള്ള എണ്ണശുദ്ധീകരണ ശാലയ്ക്ക് എതിരായ വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു ഭൂമി ഇടപാടുകാരന്‍ കൂടിയായ പണ്ഡാരിനാഥ് അംബേദ്കര്‍ ശശികാന്തിനെ ആക്രമിച്ചത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ആയിരുന്നു തുടക്കത്തില്‍ പണ്ഡാരിനാഥിനെതിരെ കേസ് ചുമത്തിയിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൊലപാതക്കുറ്റം ചുമത്തുകയായിരുന്നു.