റവന്യൂ ഓഫീസുകളിലെ അഴിമതിയില്‍ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് സര്‍ക്കാര്‍. റവന്യൂ വകുപ്പ് സെക്രട്ടിമാര്‍ മേല്‍നോട്ട ചുമതല വഹിക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും.
റവന്യൂ ഓഫീസുകളിലെ അഴിമതി തടയുന്നതിന്റെ ഭാഗമായാണ് സ്ഥിരം പരിശോധനയ്ക്കായി 5 സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. സെക്രട്ടേറിയറ്റ് റവന്യൂവകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള സ്‌പെഷ്യല്‍ സെക്രട്ടറി മുതല്‍ ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവരായിരിക്കും സ്‌ക്വാഡ് മേധാവിമാര്‍ . അണ്ടര്‍ സെക്രട്ടറി, സെക്ഷന്‍ ഓഫിസര്‍, അസിസ്റ്റന്റ് എന്നിവര്‍ സ്‌ക്വാഡില്‍ അംഗങ്ങളായിരിക്കും. ഓരോ ജില്ലകളിലേയും പരിശോധനകള്‍ക്ക് അതാത് ജില്ലാ കളക്ടര്‍മാര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.
ഒരു ടീം ഒരു മാസത്തില്‍ കുറഞ്ഞത് ഒരാഫീസെങ്കിലും പരിശോധിയ്ക്കണം. ഇതില്‍ വിഴ്ചയുണ്ടായാല്‍ നടപടി ഉണ്ടാകുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. പാലക്കയം വില്ലേജ് ഓഫീസില്‍ നടന്ന ഗുരുതരമായ അഴിമതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തൊട്ടാകെ റവന്യൂ ഓഫീസുകളില്‍ സ്ഥിരം പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചത്.