മുംബൈ: ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെട്ട നടി സുസ്മിത സെൻ തന്‍റെ വ്യായാമം വീണ്ടും ആരംഭിച്ചു. ഡോക്ടറുടെ അനുമതി ലഭിച്ച ശേഷമാണ് 47 കാരിയായ നടി യോഗ ചെയ്യാന്‍ ആരംഭിച്ചത്. “എന്‍റെ കാര്‍ഡിയോളജിസ്റ്റ് അംഗീകരിച്ച ജീവിത ചക്രം വീണ്ടും ഉരുളാന്‍ തുടങ്ങയിരിക്കുന്നു. എന്‍റെ ഹാപ്പി ഹോളി ഇതാണ്, നിങ്ങളുടെതോ” സുസ്മിത യോഗ ചെയ്യുന്ന പോസ്റ്റിനൊപ്പം ഇങ്ങനെയാണ് എഴുതിയിരിക്കുന്നതത്. പതിവുപോലെ #duggadugga എന്ന ഹാഷ്‌ടാഗോടെയാണ് സുസ്മിത പോസ്റ്റ് അവസാനിപ്പിക്കുന്നത്. സുസ്മിതയുടെ ഈ പോസ്റ്റിന് അരലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. സുസ്മിത സെൻ ഒരു പ്രചോദനമാണെന്നാണ് ചിലര്‍ കമന്‍റ് ചെയ്യുന്നുണ്ട്. അതേ സമയം സുസ്മിതയ്ക്ക് കൂടുതല്‍ മികച്ച രീതിയില്‍ ഇപ്പോഴത്തെ ആരോഗ്യ പ്രശ്നങ്ങള്‍ മറികടന്ന് വ്യായാമം ചെയ്യാന്‍ കഴിയട്ടെയെന്ന് ഒരു വിഭാഗം ആശംസിക്കുന്നുണ്ട്.
സുസ്മിത സെൻ തനിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയാഘാതമുണ്ടായി എന്നും ആഞ്ജിയോപ്ലാസ്റ്റി ചെയ്തുവെന്നും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഫിറ്റ്നസിനും ആരോഗ്യത്തിനും ഡയറ്റിനുമെല്ലാം ഏറെ പ്രാധാന്യം നല്‍കുന്ന സുസ്മിതയ്ക്ക് ഹൃദയാഘാതമുണ്ടായി എന്നത് വലിയ ചര്‍ച്ച തന്നെയാണ് സോഷ്യല്‍ മീഡിയ ലോകത്തുണ്ടാക്കിയത്.
നാല്‍പത്തിയേഴുകാരിയായ സുസ്മിത ദീര്‍ഘകാലമായി സിനിമയില്‍ സജീവമായി നില്‍ക്കുകയാണ്. ഈ പ്രായത്തിലും മുപ്പതുകളുടെ പ്രസരിപ്പോ സൗന്ദര്യമോ ആണ് സുസ്മിതയ്ക്കെന്നാണ് ആരാധകരും സിനിമാസ്വാദകരുമെല്ലാം ഒരേ സ്വരത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.
ഇതിന് പിന്നിലെ കാരണം ആദ്യമേ സൂചിപ്പിച്ചത് പോലെ ഫിറ്റ്നസ് കാര്യങ്ങളില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് സുസ്മിത എന്നത് തന്നെയാണ്. എന്നാല്‍ ആരോഗ്യത്തില്‍ ഇത്രയധികം ജാഗ്രത പുലര്‍ത്തുന്നൊരു വ്യക്തിക്ക് തന്നെ ഹൃദാഘാതമുണ്ടായിരിക്കുന്നുവെങ്കില്‍ പിന്നെ ഡയറ്റ്- വര്‍ക്കൗട്ട് എന്നിവയുടെയെല്ലാം ആവശ്യമെന്താണ് എന്ന രീതിയിലാണ് ചര്‍ച്ചകളെല്ലാം പോയത്. ഇത് വാദപ്രതിവാദങ്ങളിലേക്കും വിവാദത്തിലേക്കുമെല്ലാം വഴിമാറി.
ഫിറ്റ്നസ് നോക്കുന്നവര്‍ക്കാണ് ഹൃദയാഘാതം കൂടുതലുണ്ടാകുന്നതെന്നും സമീപകാലത്ത് പല സെലിബ്രിറ്റികളും ഹൃദയാഘാതം മൂലം മരിച്ചത് പോലും ഇക്കാരണം കൊണ്ടാണെന്നും വരെയായി ചര്‍ച്ചകള്‍.
എന്നാല്‍ ഇതിനെല്ലാമുള്ള വിശദീകരണവുമായി ഇപ്പോള്‍ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് സുസ്മിത. തന്‍റെ അനുഭവം കണ്ട് ജിമ്മില്‍ പോകുന്നത് ആരും അവസാനിപ്പിക്കരുത്. താൻ അത്രയും ‘ആക്ടീവ്’ ആയ ജീവിതരീതി കൊണ്ടുപോയതിന് ശരിക്കും ഗുണമുണ്ടായിട്ടുണ്ട്. കാരണം അത്രയും വലിയൊരു ഹാര്‍ട്ട് അറ്റാക്ക്- മാസീവ്- ആയ അറ്റാക്കാണ് താൻ അതിജീവിച്ചിരിക്കുന്നത്. അത് ചെറിയ കാര്യമല്ല. 90 ശതമാനത്തിലധികമായിരുന്നു ബ്ലോക്കുണ്ടായിരുന്നത്- എന്നും വീഡിയോയില്‍ സുസ്മിത പറയുന്നു.
തന്നെ ചികിത്സിച്ച ഡോക്ടര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും തന്നെ സഹായിച്ചവര്‍ക്കും പ്രതിസന്ധിഘട്ടത്തില്‍ തനിക്ക് സ്നേഹമായും കരുതലായും കൂടെ നിന്ന എല്ലാവര്‍ക്കും ആരാധകര്‍ക്കുമെല്ലാം നന്ദി പറയാനും സുസ്മിത മറന്നില്ല. താൻ ഭാഗ്യവതിയാണെന്നും അത്രമാത്രം സ്നേഹമാണ് രണ്ട് ദിവസത്തിനകം തന്നെ തേടിയെത്തിയതെന്നും ഇപ്പോഴും പേടിയില്ല- ജീവിതത്തില്‍ പ്രതീക്ഷകളാണുള്ളതെന്നും സുസ്മിത ചിരിയോടെ പറഞ്ഞു.
ഒപ്പം തന്നെ സ്ത്രീകളെ പ്രത്യേകമായി ആരോഗ്യം ശ്രദ്ധിക്കണമെന്ന ഓര്‍മ്മപ്പെടുത്തലും ഇവര്‍ നടത്തി. ചെറുപ്പക്കാരില്‍ ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നുണ്ട്. എന്നാല്‍ അവര്‍ അതിനെ അതിജീവിക്കുന്നുമുണ്ട്. അത് നല്ല കാര്യമാണ്. ഹൃദയാഘാതം പുരുഷന്മാര്‍ക്ക് മാത്രമുള്ള ഭീഷണിയാണെന്ന് സ്ത്രീകള്‍ മനസിലാക്കിവയ്ക്കരുത്. അത് തെറ്റാണ്. രോഗലക്ഷണങ്ങള്‍ തിരിച്ചറിയാൻ സാധിക്കണം. മെഡിക്കല്‍ ചെക്കപ്പുകളില്‍ നിന്ന് മാറിനില്‍ക്കരുത്- എന്നും സുസ്മിത കൂട്ടിച്ചേര്‍ക്കുന്നു.