നമ്മുടെ കുട്ടികളുടെ അവധിക്കാലം വേനൽച്ചൂടിനോടൊപ്പമാണ്. കത്തിജ്വലിക്കുന്ന മേടസൂര്യനുകീഴിൽ ഓടിക്കളിക്കുന്ന കുട്ടികൾക്ക് ക്ഷീണവും തളർച്ചയും ഉണ്ടാകുന്നതു സ്വാഭാവികം. കളിച്ചുതളർന്ന് നട്ടുച്ചയ്‌ക്കു വീട്ടിലേക്ക് ഓടിക്കയറിവരുന്ന കുട്ടിക്ക് എന്താണു കുടിക്കാൻ കൊടുക്കേണ്ടത്?
പാടത്തും പറമ്പിലുമൊക്കെ വിയർത്തൊലിച്ച് ആവേശത്തോടെ കളിക്കുമ്പോൾ വിയർപ്പിലൂടെ ജലാംശവും ലവണങ്ങളും നഷ്‌ടപ്പെടുന്നതാണു ക്ഷീണത്തിനു കാരണം. കുട്ടികൾ കുടിക്കുന്ന പാനീയം ഡീ ഹൈഡ്രേഷന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും ഉന്മേഷവും ഊർജവും നൽകുന്നവയുമായിരിക്കണം. കടുത്ത വേനൽച്ചൂടിൽ വിയർത്തു തളർന്നു വരുന്നയുടൻതന്നെ ഫ്രിഡ്‌ജിലിരിക്കുന്ന സോഫ്‌റ്റ് ഡ്രിങ്ക് എടുത്തുകുടിക്കുന്നത് നല്ലതല്ല.
അധികം ചൂടോ തണുപ്പോ ഇല്ലാത്ത വെള്ളം മതി. കൃത്രിമ ശീതളപാനീയത്തിൽ ആവശ്യത്തിനുള്ള ഒരു പോഷകവും ഇല്ല, മറിച്ച് നിറയെ മധുരവും ഊർജവും ഉണ്ടുതാനും. ഇതു നമ്മുടെ കുട്ടികളെ നാളത്തെ പൊണ്ണത്തടിയന്മാരാക്കും. കൂടാതെ ശരീരത്തിലെ ഷുഗർനില പെട്ടെന്ന് ഉയർന്ന്, അതുപോലെ താഴുന്നു. ഇതു ക്ഷീണം വർധിപ്പിച്ചേക്കാം.
ചൂടുകാലത്ത് രണ്ടുലീറ്റർ വെള്ളമെങ്കിലും കുടിക്കണം. വീട്ടിലുണ്ടാക്കുന്ന ചുക്കും മല്ലിയും ചേർത്ത് തിളപ്പിച്ചാറിയ വെള്ളം വേനൽക്കാലത്ത് നല്ലതാണ്. ഓർക്കുക, ബോട്ടിലിൽ നിറച്ചുവരുന്ന വെള്ളം യഥാർഥത്തിൽ മിനറൽ വാട്ടർ അല്ല. അതു പാക്കേജ്‌ഡ് ഡ്രിങ്കിങ് വാട്ടർ മാത്രമാണ്. പ്രകൃതിദത്തമായ വെള്ളത്തെ ശുദ്ധീകരണമൊന്നും നടത്താതെ ഉറവിടത്തിൽ വച്ചുതന്നെ പായ്‌ക്ക് ചെയ്യുന്നതാണ് ശരിക്കുള്ള മിനറൽ വാട്ടർ.
ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ, മുന്തിരി, മാമ്പഴം, നാരങ്ങ, മാതളം ഇവയെല്ലാം ആരോഗ്യദായകമാണ്. ദിവസവും ഒരുഗ്ലാസ് പഴച്ചാറെങ്കിലും കുട്ടികൾക്കു നൽകണം. പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു ഫ്രൂട്ട് ഡ്രിങ്കാണ് നാരങ്ങാവെള്ളം. നാരങ്ങാനീരും ഇഞ്ചിസത്തും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ജിഞ്ചർ ലെമനേഡിൽ നിന്ന് ഊർജം മാത്രമല്ല, ജീവകം സിയും ലഭിക്കുന്നു. നാരങ്ങാവെള്ളത്തിൽ ഒരുനുള്ള് ഉപ്പുകൂടി ചേർത്തു കുടിച്ചാൽ ലവണനഷ്‌ടത്തെ തുടർന്നുണ്ടാകുന്ന പേശികളുടെ കോച്ചിവലിച്ചിലും പേശിവേദനയും ഒഴിവാക്കാം.
കുട്ടികൾക്കുനൽകാൻ രുചികരവും ഉന്മേഷദായകവുമായ ഒരു ഉത്തമപാനീയത്തിന്റെ റെസിപി ഇതാ:
പാനീയത്തിന്റെ പേര് സംഭാരം. തൈര് വെള്ളം ചേർത്തു നേർപ്പിക്കുക. പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ ചതച്ചുചേർത്ത് ഇളക്കുക. നാച്ചുറൽ ഡ്രിങ്ക് സംഭാരം റെഡി.