കുവൈത്ത് സിറ്റി : സന്ദര്‍ശക വിസയിലെത്തിയ 14,653 പേര്‍ വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ട് പോയിട്ടില്ലെന്ന് കുവൈത്ത് താമസകാര്യ വകുപ്പ് അറിയിച്ചു. ഇവെരുടെ സ്‍പോണ്‍സര്‍മാര്‍ക്കെതിരെ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. അതേസമയം അനധികൃത താമസക്കാരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ രാജ്യമെമ്പാടും പുരോഗമിക്കുകയാണ്. വിസാ കാലാവധി കഴിഞ്ഞും രാജ്യം വിടാത്ത സന്ദര്‍ശകരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡന്‍സ് അഫയേഴ്‍സ് സെക്ടര്‍ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ വാലിദ് അല്‍ തറാവയാണ് സമര്‍പ്പിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമദ് അല്‍ നവാഫിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളാണ് മന്ത്രാലയം നല്‍കിയത്.
2022 മേയ് മാസം ആദ്യം വരെ 14,653 പേര്‍ സന്ദര്‍ശക വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു നിന്ന് പുറത്തുപോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവെരുടെ വിസകള്‍ സ്‍പോണ്‍സര്‍ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. ശിക്ഷാ നടപടിയായി ഫാമിലി വിസകള്‍ ഉള്‍പ്പെടെ ഒരു തരത്തിലുമുള്ള വിസകള്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇവര്‍ക്ക് സ്‍പോണ്‍സര്‍ ചെയ്യാനാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.