ലണ്ടന്‍: പാകിസ്ഥാനെതിരെ 2024 ജനുവരിയില്‍ നടക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സിഡ‍്‌നിയിലെ മത്സരത്തോടെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയും. ഇക്കാര്യം വാര്‍ണര്‍ തന്നെയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കളിച്ച 17 ടെസ്റ്റുകളില്‍ ഒരു സെഞ്ചുറി മാത്രം നേടിയ വാര്‍ണര്‍ ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ മോശം ഫോമിലാണ്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പോടെ വിരമിക്കുമെന്ന സൂചന വാര്‍ണര്‍ നേരത്തെ നല്‍കിയിരുന്നതാണെങ്കിലും ഹോം ഗ്രൗണ്ടായ സിഡ്‌നിയില്‍ അവസാന ടെസ്റ്റ് കളിക്കാമെന്ന പ്രതീക്ഷയിലാണ് താരം ഇപ്പോള്‍.
‘2024 ലോകകപ്പ് മിക്കവാറും എന്‍റെ അവസാന മത്സരമായിരിക്കും എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇതിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര കളിക്കില്ല. പാകിസ്ഥാനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയോടെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കും. 2024ലെ ട്വന്‍റി 20 ലോകകപ്പ് കളിക്കണം എന്ന ആഗ്രഹമുണ്ട്. അതിന് മുമ്പ് നമുക്ക് ഏറെ മത്സരങ്ങളുണ്ട്. എല്ലാ മത്സരങ്ങളും അവസാനത്തേതാണ് എന്ന നിലയിലാണ് കളിച്ചിട്ടുള്ളത്. ടീമില്‍ എപ്പോഴും ഊര്‍ജം നലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതിനായി കഠിന പരിശ്രമം നടത്തുകയാണ്. ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും വെല്ലുവിളിയായി കാണുന്നു. വരും വര്‍ഷം ഐപിഎല്‍ അടക്കമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റുകളില്‍ കളിക്കണം. ഷെഫീല്‍ഡ് ഷീല്‍ഡില്‍ ന്യൂ സൗത്ത് വെയ്‌ല്‍സിനായി മത്സരം കളിക്കില്ലെന്ന് ആരു കണ്ടു’ എന്നും വാര്‍ണര്‍ വ്യക്തമാക്കി. ടെസ്റ്റില്‍ മോശം ഫോമിലാണെങ്കിലും ടി20യില്‍ വാര്‍ണര്‍ റണ്‍സ് കണ്ടെത്തുന്നുണ്ട്. ടി20യില്‍ 2021 മുതല്‍ 147 സ്ട്രൈക്ക് റേറ്റും 40 ശരാശരിയും വാര്‍ണര്‍ക്കുണ്ട്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കും മുന്നേ ഓസ്ട്രേലിയക്കായി 2009ല്‍ രാജ്യാന്തര അരങ്ങേറ്റം കുറിച്ച താരമാണ് ഡേവിഡ് വാര്‍ണര്‍. ഓസീസിന്‍റെ വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ആഷസിനുമുള്ള സ്‌ക്വാഡുകളില്‍ വാര്‍ണറുണ്ട്. ടെസ്റ്റില്‍ 102 കളികളില്‍ 45.58 ശരാശരിയിലും 71.04 സ്ട്രൈക്ക് റേറ്റിലും വാര്‍ണര്‍ക്ക് 8158 റണ്‍സുണ്ട്. ടെസ്റ്റില്‍ 25 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും സ്വന്തമാക്കി. 142 ഏകദിനങ്ങളില്‍ 19 ശതകങ്ങളോടെ 6030 റണ്‍സും 99 രാജ്യാന്തര ടി20കളില്‍ 2898 റണ്‍സും വാര്‍ണര്‍ക്കുണ്ട്. 176 ഐപിഎല്‍ മത്സരങ്ങളില്‍ 6397 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്.