കാഠ്മണ്ഡു : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേപ്പാൾ സന്ദർശനത്തിന് തുടക്കം.ശ്രീബുദ്ധന്റെ 2566–ാം പിറന്നാളാഘോഷങ്ങളോടനുബന്ധിച്ചാണ് സന്ദർശനം. നേപ്പാളിലെശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തിയ പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. യുപിയിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ലുംബിനിയിലെത്തിയ മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിച്ചു. കേന്ദ്രസർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനം ഇരു നേതാക്കളും ചേർന്ന് നിർവഹിക്കും.
സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. 2019 ൽ രണ്ടാം തവണ ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ നേപ്പാൾ സന്ദർശനമാണിത്.
അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിത കോവിന്ദും 4 ദിവസത്തെ സന്ദർശനത്തിനായി ജമൈക്കയിലെത്തി. കിംഗ്സ്റ്റണിലുള്ള നോർമൻ മാൻലി ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്ത്യൻ സമയം ഇന്നു പുലർച്ചെയോടെയാണ് ഇരുവരും വിമാനമിറങ്ങിയത്.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രസിഡന്റ് ജമൈക്ക സന്ദർശിക്കുന്നത്.ഗാർഡ് ഓഫ് ഓണറും 21 തവണ ആകാശത്തേക്ക് വെടിവച്ചും ആചാരപരമായ സ്വീകരണമാണ് ഇന്ത്യൻ രാഷ്ട്രപതിക്ക് ജമൈക്കയിൽ ലഭിച്ചത്. ജമൈക്ക സ്വാതന്ത്ര്യം നേടിയതിൻ്റെ അറുപതാം വാർഷത്തിലും ഇന്ത്യയും ജമൈക്കയും തമ്മിൽ നയതന്ത്രബന്ധം അറുപത് വർഷം പൂർത്തിയാക്കുകയും ചെയ്യുന്ന സന്ദർഭത്തിലാണ് രാഷ്ട്രപതി അവിടെയെത്തുന്നത്. രാഷ്ട്രപതിയെ നേരിൽ വരവേൽക്കാൻ ജമൈക്കാൻ ഗവർണർ ജനറൽ സർ പാട്രിക് അലനും പ്രധാനമന്ത്രി ആൻഡ്രു ഹോൽനെസും പ്രോട്ടോകോൾ മറികടന്ന് വിമാനത്താവളത്തിൽ എത്തിയിരുന്നു.