തൃശൂർ : നടൻ ശ്രീജിത്ത് രവി പോക്സോ കേസില്‍ ഇന്ന് അറസ്റ്റിലായിരുന്നു. സംഭവത്തില്‍ താരസംഘടനയായ ‘അമ്മ’ പരിശോധന തുടങ്ങി. കേസിന്റെ വിശദാംശങ്ങൾ തേടാൻ താരസംഘടയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ‘അമ്മ’ ഭാരവാഹികള്‍ പൊലീസുമായി ബന്ധപ്പെട്ടു.
കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയെ കുടുക്കിയത് സിസിടിവി ക്യാമറയും സഫാരി കാറുമാണ്. കറുത്ത സഫാരി കാറിലെത്തിയ ആളാണ് നഗ്നതാ പ്രദശനം നടത്തിയതെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതനുസരിച്ച് പൊലീസ് സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം തിരിച്ചറിയുകയുമായിരുന്നു. തൃശൂർ വെസ്റ്റ് പൊലീസാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്‍ത്.
കഴിഞ്ഞ നാലിന് വൈകിട്ട് 3.30 തോടെ അയ്യന്തോൾ എസ് എൻ പാർക്കിനടുത്ത് വെച്ചായിരുന്നു സംഭവം നടന്നത്. പതിനൊന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ശ്രീജിത്ത് വാഹനത്തിൽ ഇവിടെ നിന്ന് കടന്ന് കളഞ്ഞു. കുട്ടികൾ മാതാപിതാക്കളെ വിവരമറിയിച്ചു. എന്നാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. സമീപത്തെ സിസിടിവികൾ പരിശോധിച്ച് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്‍തു.
ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‍നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. നേരത്തെയും സമാനമായ കേസിൽ ശ്രീജിത്ത് രവി പ്രതിയായിരുന്നു. ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്‍കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് 2016 ലാണ് നേരത്തെ ഇയാൾ അറസ്റ്റിലായത്.