തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം വനിതാ ഹോസ്റ്റലിന്റെയും ഷീ ലോഡ്ജിന്റെയും വരവ് ചെവല് കണക്കുകൾ നഗരസഭയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. ശ്രീകണ്ഠേശ്വരം വാർഡിൽ നഗരസഭയുടെ ഉടമസ്ഥിതിയിലുള്ള കെട്ടിടത്തിലാണ് വനിതാ ഹോസ്റ്റലും ഷീ ലോഡ്ജും പ്രവർത്തിക്കുന്നത്.ഹോസ്റ്റൽ 2016 ൽ വനിത വികസന കോർപ്പറേഷനിൽ നിന്നും നഗരസഭക്കു കൈമാറിയതാണ്. ഷീ ലോഡ്ജ് കെട്ടിടമാകട്ടെ 2019 ൽ നഗരസഭ നിർമിച്ചതുമാണ്. ഹോസ്റ്റലിൽ ഒരു സമയത്ത് 65 വനിതകൾക്ക് താമസിക്കാൻ സൗകര്യമുണ്ട്. അതുപോലെ ഷീ ലോഡ്ജിൽ 10 വനിതകൾക്കും താമസിക്കാൻ ഇടമുണ്ട്.
വനിത ഹോസ്റ്റലിൽ പ്രതിമാസ വാടക 2500 രൂപയാണ്. ഷീ ലോഡ്ജിലാകട്ടെ പ്രതിദിന വാടക 300 രൂപയുമാണ്. ഇരു സ്ഥാപനങ്ങളുടെയും പ്രവർത്തനം മേൽനോട്ടം വഹിക്കുന്നത് ഹോസ്റ്റൽ കമ്മിറ്റിയുടെ അംഗമായ നഗരസഭ ജീവനക്കാരിയായ ക്ലാർക്ക് റാങ്കിലുള്ള ചാർജ് ഓഫിസറാണ്.നഗരസഭയുടെ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രതിദിനം നഗരസഭ തനതു ഫണ്ടിൽ നിക്ഷേപിക്കണം. ചെലവുകൾ തനതുഫണ്ടിൽ നിന്ന് നിയമ പ്രകാരം അനുമതിയോടെ നിർവഹിക്കണെന്നാണ് വ്യവസ്ഥ. ഇതൊന്നും അവിടെ പാലിക്കുന്നില്ല വ്യവസ്ഥയെല്ലാം ശിഥിലമാണെന്ന് പരിശേധനയിൽ കണ്ടത്തി.
ഇവിടെ നിന്നും ലഭിക്കുന്ന വാടക സ്ഥാപനങ്ങളുടെ പേരിലുളള സേവിങ് അക്കൗണ്ടുകളിൽ നിക്ഷേപിച്ച് ചെലവഴിക്കുകയാണ്. സ്ഥാപനങ്ങളിൽ ദിവസ വേതന, കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന സ്വീപ്പർ, വാർഡൻ, സെക്യൂരിറ്റി എന്നിവർക്ക് വേതനം നൽകുന്നതും വൈദ്യുതി- വാട്ടർ ബില്ലുകൾ അടക്കുന്നതും സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്. ഇത് തെറ്റായ രീതിയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വരുമാനം തനതു ഫണ്ടിൽ നിക്ഷേപിച്ചു ചെലവഴിക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശ നൽകി.
പരിശോധനയിൽ വാടക പിരിക്കുന്ന രശീത് ബുക്കുകൾ നഗരസഭയിൽ നിന്നു നിയമപ്രകാരം വിതരണം ചെയ്തതല്ലെന്നും കണ്ടെത്തി. എന്നാൽ, 2021-22 മുതൽ നഗരസഭ റവന്യൂ വിഭാഗത്തിലെ രശീത് ബുക്ക് ഉപയോഗിച്ച് താമസക്കാരിൽ നിന്നു വാടക പിരിക്കാൻ തുടങ്ങിയെന്ന് ചാർജ് ഓഫിസർ അറിയിച്ചു.
സ്ഥാപനങ്ങളിലെ വരവു ചെലവ് കണക്കുകൾ നഗരസഭയുടെ വാർഷിക ധനകാര്യ പ്രതികയിൽ പ്രതിഫലിക്കുന്നില്ല. 2022 മാർച്ച് 31ന് വനിത ഹോസ്റ്റലിലെ വരുമാന തുക നിക്ഷേപിക്കുന്ന അക്കൗണ്ടിൽ ബാക്കി നിരിപ്പ് 8,45,606 രൂപയാണ്. ഷീ ലോഡ്ജിൽ 8740 രൂപയാണ്. ഈ ബാലൻസുകൾ ബാലൻസ് ഷീറ്റിലെ ബാങ്ക് ആൻഡ് കാഷ് ബാലൻസ് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ഓഡിറ്റിന്റെ പരിശോധനയിലും ഇതു പെടാതെ പോയി.
ഷീലോഡ്ജ്, വനിത ഹോസ്റ്റൽ വരുമാനം തനതു ഫണ്ടിൽ നിക്ഷേപിച്ചു യഥാവിധം ചെലവഴിക്കാനും, നഗരസഭ എ.എഫ്.എസിൽ സ്ഥപാനങ്ങളിലെ വരവു ചെലവ് കണക്കുകൾ ഉൾപ്പെടുത്താനും നപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.