പാലക്കാട് : പാലക്കാട്ടെ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികള്‍ ഉപയോഗിച്ച ബൈക്ക് ഉടമയെ ചോദ്യം ചെയ്യുന്നു. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. എന്നാല്‍ ആര്‍സി മാത്രമാണ് ഇപ്പോള്‍ തന്‍റെ പേരില്‍ ഉള്ളതെന്നും ആരാണ് വാഹനം ഉപയോഗിക്കുന്നത് എന്ന് അറിയില്ലെന്നുമാണ് സ്ത്രീ നല്‍കിയിരിക്കുന്ന മൊഴി. നർകോട്ടിക് സെൽ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. കൊല്ലപ്പെട്ട ശ്രീനിവാസന്‍റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റിരുന്നു. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനകൾ പൂർത്തിയായി.
ഇരട്ടക്കൊലപാതകങ്ങൾക്ക് പിന്നാലെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് തടയാനായി പാലക്കാട് ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിൽ ബുധനാഴ്ച വരെ നിരോധനാഞ്ജ തുടരും. അതേസമയം, മുന്നറിയിപ്പ് ഉണ്ടായിട്ടും സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്ന വിമർശനം ശക്തമാവുകയാണ്. കൊലപാതകം നടത്തിയ രീതി, തെരഞ്ഞെടുത്ത സ്ഥലം, സമയം തുടങ്ങി ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ തനിയാവർത്തനമാണ് പാലക്കാട്ട് ഉണ്ടായത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് 24 മണിക്കൂറിനുള്ളിൽ തിരിച്ചടിയുണ്ടാകുമെന്ന കൃത്യമായ വിവരം ഉണ്ടായിട്ടും സംഘർഷ സാധ്യതയുള്ള പ്രധാന കേന്ദ്രങ്ങളിൽ പേലും പോലീസിന് സുരക്ഷ ഉറപ്പാക്കാനായില്ലെന്നതിന് തെളിവായി പാലക്കാട് നഗര മധ്യത്തിലെ മേലാമുറിയിൽ നടന്ന ആര്‍എസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കെലപാതകം.