കൊളംബോ: സമ്പദ്‍രംഗം തകർന്ന ശ്രീലങ്കയിൽ രാജ്യവ്യാപക പ്രക്ഷോഭം നിയന്ത്രിക്കാൻ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ വരെയാണ് ശ്രീലങ്കൻ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗോടബയ രാജപക്സയുടെ വസതിക്ക് മുന്നിൽ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ആക്രമാസക്തമായതിനു പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ, കൊളംബോയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പ്രക്ഷോഭം ശക്തമായതോടെയാണ് രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ചത്. രാജ്യത്തെ സാമ്പത്തിക തകർച്ച കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഒരു മാസമാണ് അടിയന്തരാവസ്ഥയുടെ പ്രാബല്യം. 14 ദിവസത്തിനുള്ളിൽ പാർലമെന്റ് ഇത് അംഗീകരിക്കണം. ഇല്ലെങ്കിൽ റദ്ദാവും.
പ്രസിഡന്‍റിന്‍റെ വസതിക്കു മുന്നിലെ പ്രതിഷേധം തീവ്രവാദ പ്രവർത്തനമാണെന്ന ആരോപണവുമായി സർക്കാർ രംഗത്തുവന്നിരുന്നു. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുള്ള തീവ്രവാദ സംഘങ്ങൾക്ക് ബന്ധമുള്ളതായും കുറ്റപ്പെടുത്തി. രാജ്യത്തേക്കുള്ള ഇറക്കുമതി പൂർണമായി തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഞായറാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.