കൊളംബോ: ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ ഒരു മരണം. നിരവധി പേർക്കു പരുക്കേറ്റു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ജനങ്ങൾ നടത്തുന്ന പ്രതിഷേധത്തിനു നേരെ ആദ്യമായാണ് പൊലീസ് വെടിവയ്പ് ഉണ്ടാകുന്നത്. ജനങ്ങൾ അക്രമാസക്തരാവുകയും പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി കല്ലെറിയുകയും ചെയ്തതോടെയാണ് ഇത്തരമൊരു നടപടിയിലേക്കു കടന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ശ്രീലങ്കയുടെ തലസ്ഥാന നഗരമായ കൊളംബോയിൽനിന്ന് 95 കിലോമീറ്റർ അകലെ റംബുക്കാനയിലാണ് സംഭവം. ഇന്ധനക്ഷാമവും വിലക്കയറ്റവും രൂക്ഷമായതോടെ ജനങ്ങൾ റംബുക്കാനയിലെ ഹൈവേ ഉപരോധിച്ചതാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് വിവരം. കർഫ്യൂ പ്രഖ്യാപിച്ച് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി അധികൃതർ അറിയിച്ചു.
ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ മുതൽ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ആയിരക്കണക്കിന് വാഹന ഉപഭോക്താക്കളാണ് ടയറുകൾ കത്തിച്ചും തലസ്ഥാന നഗരിയിലേക്കുള്ള വഴി തടഞ്ഞും പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെ പ്രധാന പെട്രോൾ ചില്ലറ വിതരണക്കാർ ചൊവ്വാഴ്ച 65 ശതമാനത്തോളം വില വർധിപ്പിച്ചതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിലേക്ക് നയിച്ചത്.