കൊളംബോ: ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാനായി 500 ദശലക്ഷം യുഎസ് ഡോളർ ഇന്ത്യയോട് വായ്പ ചോദിച്ച് ശ്രീലങ്ക. പെട്രോൾ പമ്പുകൾ കാലിയാകാതിരിക്കാൻ പറ്റുന്ന എല്ലാ മാർഗവും പയറ്റുകയാണ് ശ്രീലങ്ക.1948ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയശേഷം ആദ്യമായാണ് ഇത്രയും മോശമായ സാമ്പത്തിക അവസ്ഥയിലൂടെ ശ്രീലങ്ക കടന്നുപോകുന്നത്. ഇറക്കുമതിക്ക് പണമില്ലാത്തതിനാൽ അവശ്യവസ്തുക്കൾ ഉൾപ്പെടെ വിവിധ സാധനങ്ങൾക്ക് രാജ്യത്ത് ദൗർലഭ്യം നേരിടുന്നുണ്ട്.
നേരത്തേ, ഇന്ത്യയിൽനിന്ന് 500 ദശലക്ഷം യുഎസ് ഡോളറും പിന്നീട് 200 ദശലക്ഷം യുഎസ് ഡോളറും ശ്രീലങ്ക വാങ്ങിയിരുന്നു. തിങ്കളാഴ്ച ഇന്ത്യ 40,000 മെട്രിക് ടണ്ണോളം പെട്രോൾ ശ്രീലങ്കയ്ക്കു കൈമാറി. ദിവസങ്ങൾക്കു മുൻപ് ഇത്രതന്നെ ഡീസലും നൽകി.കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ധനവിലയിൽ രാജ്യം വർധന വരുത്തി. പെട്രോൾ വിലയിൽ 24.3 ശതമാനവും ഡീസൽ വിലയിൽ 38.4 ശതമാനവും ആണ് വർധിപ്പിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലെ മന്നാർ ബേസിനിൽ എണ്ണ പര്യവേക്ഷണം നടത്താനുള്ള സാധ്യതയും ശ്രീലങ്ക ആരായുന്നു.5 ട്രില്യൻ ക്യുബിക് അടി പ്രകൃതിവാതകം ഉണ്ടെന്നാണ് വിലയിരുത്തൽ. അടുത്ത ആറു ദശകത്തിലേക്ക് ശ്രീലങ്കയുടെ ഊർജ ആവശ്യത്തെ നേരിടാൻ ഇതുമതിയെന്നാണ് സർക്കാരിന്റെ നിഗമനം. 2011ലാണ് ഇവിടുത്തെ പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്.