ശ്രീലങ്ക: വിദേശ വായ്പ തിരിച്ചടവ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ശ്രീലങ്ക അറിയിച്ചു. കൈവശമുള്ള പരിമിതമായ വിദേശനാണ്യം അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് ഉപയോഗിക്കേണ്ടതിനാൽ വിദേശ കടം തിരിച്ചടവ് തൽക്കാലം നിർത്തുന്നതായി കേന്ദ്ര ബാങ്ക് ഗവർണർ പി.നന്ദലാൽ വീരസിംഗെ അറിയിച്ചു. വായ്പ നൽകിയവരുമായി രാജ്യം ധാരണയിലെത്തുകയും രാജ്യാന്തര നാണ്യനിധിയുടെ വായ്പ അംഗീകരിച്ചു കിട്ടുകയും ചെയ്യുന്നതുവരെയാണ് തിരിച്ചടവ് നിർത്തുന്നത്. രാജ്യാന്തര നാണ്യനിധിയുമായുള്ള ചർച്ച തിങ്കളാഴ്ച ആരംഭിക്കും.
2500 കോടി ഡോളറിലേറെയാണ് ശ്രീലങ്കയുടെ കടം. ഈ വർഷം തിരിച്ചുകൊടുക്കേണ്ട 400 കോടി കടമുണ്ട്. രൂക്ഷ പ്രതിസന്ധിയിലുള്ള രാജ്യത്തിന് കടം തിരിച്ചടവു നിർത്തുന്നത് ചെറിയ ആശ്വാസമാകും. കേന്ദ്ര ബാങ്കും വിദേശ ധനകാര്യസ്ഥാപനങ്ങളും വാണിജ്യ ബാങ്കുകളും തമ്മിലുള്ള ഇടപാടുകൾ ഒഴികെ വിദേശ കടപ്പത്രങ്ങൾ, ഉഭയകക്ഷി വായ്പകൾ തുടങ്ങി എല്ലാ തിരിച്ചടവുകൾക്കും ഇതു ബാധകമാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
ഇതേസമയം, അത്യാവശ്യ മരുന്നുകളും മറ്റും ലഭ്യമാക്കാൻ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ആശുപത്രികളുടെ പ്രവർത്തനം നിലയ്ക്കുമെന്നു ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പു നൽകി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിദേശത്തു നിന്ന് മരുന്നു വാങ്ങാനാവാത്തതാണ് പ്രശ്നം. അവശ്യസാധനങ്ങൾക്കായുള്ള മുറവിളിക്കും തെരുവിലെ പ്രക്ഷോഭത്തിനും ശമനമില്ല.
ഇന്ത്യയിൽനിന്ന് 11,000 ടൺ അരി
നാളത്തെ സിംഹള, തമിഴ് പുതുവത്സര ആഘോഷത്തിനു മുന്നോടിയായി ഇന്ത്യയിൽ നിന്ന് കപ്പലിൽ 11,000 ടൺ അരി എത്തിയത് വലിയ ആശ്വാസമായി. കിരിബാത്ത് എന്ന സിംഹള പരമ്പരാഗത വിഭവം ഉണ്ടാക്കുന്നതിന് അരി ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. ഇന്ത്യ നൽകുന്ന 100 കോടി ഡോളർ വായ്പ പദ്ധതിയുടെ ഭാഗമായാണിത്.