കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ചരിത്രത്തിൽ ആദ്യമായാണ് ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാർലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. തിക്രോണ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.
റെനില്‍ വിക്രമസിംഗെയെ കൂടാതെ സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമാണ് മത്സരരംഗത്തുള്ളത്. റെനില്‍ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന എസ്എല്‍പിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. വോട്ട് ഭിന്നത ഒഴിവാക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.
225 അംഗ സഭയിൽ 113 പേരുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടത്. റെനിൽ വിക്രമസിംഗെയ്ക്ക് 13 പേരുടെയും ഡള്ളസ് അളഹപ്പെരുമ്മയ്ക്ക് 25 വോട്ടുകളുടെയും കുറവാണുള്ളത്. എസ്എൽപിപി യിലെ 45 അംഗങ്ങൾ തനിക്ക് ഒപ്പം നിൽക്കുമെന്നാണ് ഡള്ളസ് അളഹപ്പെരുമയുടെ അവകാശവാദം. ഡള്ളസ് അളഹപ്പെരുമയ്ക്ക് പിന്തുണ നല്‍കുന്നതിനായി പ്രധാന പ്രതിപക്ഷമായ എസ്ജെബി, സ്ഥാനാര്‍ത്ഥിയായ സജിത് പ്രമേദാസയെ പിന്‍വലിച്ചിരുന്നു. പ്രതിപക്ഷ വോട്ടുകൾ ഉറപ്പാക്കുകയും ഭരണകക്ഷി വോട്ടുകൾ ചോരുകയും ചെയ്താൽ അളഹപ്പെരുമയ്ക്ക് വിജയസാധ്യത ഏറും.
എന്നാൽ പ്രതിപക്ഷ നിരയിലെ തമിഴ് പ്രോഗസീവ് അലയൻസ് പാർട്ടി പിന്തുണയ്ക്കുമെന്നാണ് വിക്രമസിംഗെയുടെ കണക്കുകൂട്ടൽ. സംഘർഷസാധ്യത കണക്കിലെടുത്ത് പാർലമെൻറിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചു. റെനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡൻറിൻറെ കോലം പ്രസിഡൻറ് ഓഫീസിന് മുന്നിൽ പ്രക്ഷോഭകർ കത്തിച്ചിരുന്നു.