ശ്രീലങ്ക: 2019 ലെ ഭീകരാക്രമണവും പിന്നാലെ വന്ന കൊറോണയും തകർത്ത ശ്രീലങ്കയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഇരുട്ടടിയാവുകയാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി. ശരാശരി ഒരു വർഷം 22 ലക്ഷം വിനോദ സഞ്ചാരികളെത്തുന്ന ലങ്കയിൽ കഴിഞ്ഞ കൊല്ലം വന്നത് രണ്ടു ലക്ഷത്തിൽ താഴെ ആളുകൾ. 440 കോടി ഡോളറിന്റെ വരുമാനം 26 കോടി ഡോളറായി കുറഞ്ഞു. ശ്രീലങ്കൻ യാത്ര അത്ര പന്തിയല്ലെന്ന് ബ്രിട്ടണും കാനഡയും പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയതും തിരിച്ചടിയാണ്. രാജ്യത്തെ കരകയറ്റാൻ കൂടുതൽ ടൂറിസ്റ്റുകളെത്തണമെന്നാണ് ലങ്കയുടെ അഭ്യർഥന.
രാജപക്സെ റേഞ്ച് റോവറിൽ സഞ്ചരിക്കുമ്പോൾ എനിക്കുള്ളത് ടുക് ടുക്. വല്ലാത്ത പ്രതിസന്ധിയിലാണ്. പുതിയൊരു കുപ്പായം വാങ്ങിയിട്ട് രണ്ട്കൊല്ലമായി. ഇപ്പോഴത്തെ പ്രതിസന്ധിയെല്ലാം ഉടൻ അവസാനിക്കും. മനോഹരിയായ ശ്രീലങ്കയെ കാണാൻ കൂടുതൽ പേർ വരണം. കുറഞ്ഞ ചിലവിൽ കൊളമ്പോ കാണിച്ചുതരാമെന്ന് പറഞ്ഞ് ജീവൻ ഗുണവർദ്ധനെ ഞങ്ങളെ ടുക്ടുകിൽ കയറ്റിയത്.
ഞങ്ങൾ മാധ്യമപ്രവർത്തകരാണെന്ന് മനസിലായപ്പോൾ അയാൾ തന്റെ കഥ പറഞ്ഞു. ടൂർ ഓപ്പറേറ്ററായിരുന്ന ജീവന് സ്വന്തമായി നാല് കാറുണ്ടായിരുന്നു. വിനോദ സഞ്ചാരമേഖല തകർന്നതോടെ കുടുംബത്തെ പോറ്റാൻ വണ്ടികൾ കിട്ടും വിലയ്ക്ക് വിറ്റു. പഴയ ഒരു ഓട്ടോയുമായി ഇന്ന് പാതിരാവോളം അലഞ്ഞിട്ടും ഭക്ഷണത്തിനുള്ളത് തികയുന്നില്ല. എല്ലാറ്റിനും കാരണം രജപക്സെ കുടുംബമാണെന്ന് രോഷം കൊള്ളുകയാണ് ജീവൻ.
ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി ലോൺലി പ്ലാനറ്റ് മാസിക ശ്രീലങ്കയെ തെരഞ്ഞെടുത്ത സമയത്തായിരുന്നു ആ ദുരന്തം. 2019ലെ ഈസ്റ്റർ ദിനത്തിൽ ഇസ്ലാമിസ്റ്റ് ഭീകരസംഘട നടത്തിയ ചാവേർ ബോംബാക്രമണങ്ങളിൽ കൊളമ്പോയിൽ പൊലിഞ്ഞത് 269 ജീവനുകൾ.
മരിച്ചവരിൽ 46 പേർ വിദേശികളായിരുന്നു.മുൻപ് 22 ലക്ഷം വിനോദ സഞ്ചാരികളിൽ നിന്നായി 440 കോടി അമേരിക്കൻ ഡോളർ വാർഷിക വരുമാനമുള്ളിടത്തുനിന്നും രാജ്യം കൂപ്പുകുത്തി. പിന്നാലെ കൊവിഡും പടർന്നതോടെ എല്ലാം അടച്ചുപൂട്ടി. സുന്ദരമായ ബീച്ചുകളും ആന സങ്കേതങ്ങളും നൂവറലിയയിലെ ചായത്തോട്ടങ്ങളും ബുദ്ധക്ഷേത്രങ്ങളുമെല്ലാം സഞ്ചാരികളേയും നോറ്റ് കാത്തിരുന്നത് രണ്ട് കൊല്ലം. കൊവിഡ് കേസുകൾ കുറഞ്ഞ് എല്ലാമൊന്ന് പഴയ പടിയായപ്പോൾ ഇതാ സാമ്പത്തീക പ്രതിസന്ധിയിൽ രാജ്യം കൂപ്പുകുത്തിയിരിക്കുന്നു. കൊളമ്പോ സീഫേസിലെ തട്ടുകടയിൽ അത്താഴം കഴിക്കാനെത്തിയ മാലിനി ഡിസൂസയും കുടുംബവും പ്രതീക്ഷ കൈവിടുന്നില്ല.
ആഴ്ചകൾ പിന്നിടുമ്പോഴും ശ്രീലങ്കയിലെ ഇന്ധന ക്ഷാമത്തിന് പരിഹാരമാകുന്നില്ല. കൊളമ്പോയിൽ പകുതിയോളം പെട്രോൾ പമ്പുകളും പൂട്ടി. ഇന്ധനമെത്തുന്ന പമ്പുകളിലാണെങ്കിൽ ഏത് സമയത്തും നീണ്ട ക്യൂ ആണ്. ലങ്ക ഐ ഒ സിയുടെ പെട്രോളിന് വില ലിറ്ററിന് ശ്രീലങ്കൻ രൂപ മുന്നൂറ് കടന്നു.