ആലപ്പുഴ : രണ്ടുകോടി വിലമതിക്കുന്ന മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവർക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. ചില കാര്യങ്ങളിൽ വ്യക്തതവരുത്താനാണ് വീണ്ടും വിളിപ്പിക്കുന്നത്. അടുത്ത ദിവസംതന്നെ ആലപ്പുഴയിൽ ഹാജരാകാൻ നിർദേശം നൽകും. കേസിലെ പ്രതിയായ തസ്ലീമയും ശ്രീനാഥ് ഭാസിയുമായി നടത്തിയ വാട്സ്ആപ് ചാറ്റുകൾ കണ്ടെത്തിയിരുന്നു. അതിൽ കുഷ് വേണോ എന്ന തസ്ലീമയുടെ ചോദ്യത്തിന് വെയിറ്റ് എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി.
കുഷ് എന്നും ഗ്രീൻ എന്നും കഞ്ചാവിന്റെ കോഡ് നാമമാണ്. ആദ്യം വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യലിൽ നടൻ നൽകിയ മൊഴിപ്രകാരം ചില വിവരങ്ങളും തെളിവുകളും എക്സൈസ് ശേഖരിച്ചിട്ടുണ്ട്. ഇത് ചോദിച്ച് ഉറപ്പുവരുത്താൻ വേണ്ടി കൂടിയാണ് രണ്ടാംവട്ട ചോദ്യം ചെയ്യലിന് ശ്രമിക്കുന്നത്. അതിനിടെ ചിലരെ സാക്ഷിയാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. കേസിൽ അറസ്റ്റിലായ തസ്ലീമ സുൽത്താൻ (ക്രിസ്റ്റീന -41) ഇവരുടെ ഭർത്താവും മുഖ്യസൂത്രധാരനുമായ സുൽത്താൻ അക്ബർ അലി (43), കെ. ഫിറോസ് (26) എന്നിവർ മാത്രമാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്നാണ് എക്സൈസ് കണ്ടെത്തൽ.