ആലപ്പുഴ: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ രേണുരാജിൽ നിന്നാണ് ചുമതലയേറ്റത്. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് പതിനൊന്നരയോടെ കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. കളക്ടറേറ്റിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു.
ആലപ്പുഴയെ കുറിച്ച് പഠിച്ച് വരികയാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു. ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയിരുന്നു. എന്നാൽ ജില്ലാ കളക്ടർ എന്ന പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത് ആദ്യമായാണ്. തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ശ്രീറാം പറഞ്ഞു.
അതേസമയം മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. നിയമനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധ സമരം നടത്തുമെന്ന് കേരള മുസ്ലിം ജമാ അത്ത് പ്രഖ്യാപിച്ചു. ശ്രീറാമിനെ നിയമനത്തിനെതിരെ കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കളക്ടറായുള്ള നിയമനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.