തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തനിക്കെതിരായ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ വീണ്ടും കൂടുതല്‍ സമയം തേടി. കോടതിയില്‍ ഹാജരാകാതെയാണ് പ്രതി കൂടുതല്‍ സമയം തേടിയത്.
സമയം അനുവദിച്ച കോടതി ജൂലൈ 18ന് കോടതിയിലെത്തി വാദം ബോധിപ്പിക്കാന്‍ ഉത്തരവിട്ടു. ഇതു മൂന്നാം തവണയാണ് ശ്രീറാം വെങ്കിട്ടരാമൻ വാദം ബോധിപ്പിക്കാന്‍ സമയം തേടുന്നത്. കേസില്‍ കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹരജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍നിന്ന് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി തിരുവനന്തപുരം ഒന്നാം അഡീ. ജില്ല സെഷന്‍സ് കോടതി വിളിച്ചുവരുത്തുന്നത്.
നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. സമാനമായ നിലപാട് നേരത്തേ ഹൈകോടതിയും സ്വീകരിച്ചിരുന്നു. 2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ച് ഓടിച്ച വാഹനം ഇടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്.