തൃശൂർ: വരന്തരപ്പിള്ളിയിൽ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശിയും കൂലിപ്പണിക്കാരനുമായ വിനോദ് മരിച്ച സംഭവത്തിലാണ് ഭാര്യ നിഷ (43) അറസ്റ്റിലായത്.
ജൂലൈ 11ന് രാത്രിയായിരുന്നു സംഭവം. തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയായ നിഷയുടെ ഫോൺ വിളികളിൽ സംശമുണ്ടായിരുന്ന വിനോദ് ഇതേച്ചൊല്ലി കലഹിക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം വൈകീട്ട് ജോലി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോൺവിളിയിൽ മുഴുകിയത് കണ്ട് ദേഷ്യപ്പെടുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. നിഷ ഫോൺ കൊടുക്കാതിരുന്നതോടെ ഇരുവരും തമ്മിൽ പിടിവലിയുണ്ടായി. ഇതിനിടെ വിനോദ് നിഷയുടെ കൈപിടിച്ച് തിരിച്ചു. ഇതോടെ നിഷ സമീപത്തിരുന്ന കറിക്കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിലിരുന്നപ്പോൾ ഭയപ്പെട്ട നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ ആന്തരിക രക്തസ്രാവമുണ്ടായി. ഏറെനേരം കഴിഞ്ഞിട്ടും രക്തസ്രാവം നിലക്കാത്തതിനാൽ വാഹനം വിളിച്ച് നിഷ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയിൽ അറിയിച്ചിരുന്നത്.
അസ്വാഭാവിക മരണത്തെ തുടർന്ന് വരന്തരപ്പിള്ളി പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാകാമെന്ന സൂചന ലഭിച്ചത്. പരിസരവാസികളോടും ബന്ധുക്കളോടും അന്വേഷിച്ചപ്പോൾ ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് വ്യക്തമായി. വിനോദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചിരുന്നു. കത്തി കഴുകി ഒളിപ്പിക്കുകയും സംഭവ സമയത്ത് വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാൽ അവയെല്ലാം കത്തിക്കുകയും ചെയ്തു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം നിഷയെ വിശദമായി ചോദ്യം ചെയ്തു. പിടിവലിക്കിടെ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടിൽ ആദ്യം ഉറച്ചുനിന്ന നിഷ, ഒടുവിൽ തന്റെ കുത്തേറ്റാണ് വിനോദ് മരിച്ചതെന്ന് സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒളിപ്പിച്ച കത്തിയും കത്തിച്ച വസ്ത്രഭാഗങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. തുടർ നടപടികൾക്കു ശേഷം നിഷയെ കോടതിയിൽ ഹാജരാക്കും.