കോഴിക്കോട്: യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കുമുള്ള വിസാ പ്രതിസന്ധി തുടരുന്നു. വിദ്യാര്‍ത്ഥികളുള്‍പ്പെടെ പതിനായിരക്കണക്കിനാളുകളാണ് വിസക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. അപേക്ഷകരുടെ എണ്ണം കൂടിയതും എംബസികളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതുമാണ് വിസ വൈകാന്‍ കാരണം. അതേസമയം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്‍പ്പെടെ വിമാന ടിക്കറ്റ് നിരക്ക് കുതിക്കുകയാണ്.
യുഎസ് വിസ കിട്ടാന്‍ ഒരു മാസമായിരുന്നു മുമ്പ് ആവശ്യമായി വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ഒന്നര വര്‍ഷത്തോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ് അപേക്ഷകര്‍. വിസ കിട്ടാനുള്ള കൂടിക്കാഴ്ചയ്ക്ക് ഇപ്പോള്‍ അപേക്ഷിച്ചാല്‍ അപ്പോയിന്റ്മെന്റ് കിട്ടുന്നത് 2024 മാര്‍ച്ചിലേക്ക്. ഇതും കഴിഞ്ഞ് നടപടികള്‍ പൂര്‍ത്തിയാക്കി വിസ കിട്ടാന്‍ പിന്നേയും വൈകും. യുകെയിലേക്കുള്ള വിസക്കായി അപേക്ഷകര്‍ രണ്ടു മാസത്തിലധികം കാത്തിരിക്കണം. ഷെങ്കന്‍ വിസ ആവശ്യമുള്ള ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇതോടെ പലരുടേയും യാത്ര മുടങ്ങുന്ന സ്ഥിതിയാണ്. മുന്‍നിശ്ചയിച്ച ടൂര്‍ പാക്കേജുകള്‍ എല്ലാം ട്രാവല്‍ ഏജന്‍സികള്‍ റദ്ദ് ചെയ്തു. ഉദ്യോഗസ്ഥരുടെ കുറവാണ് വിസാ നടപടികള്‍ വൈകാനുള്ള കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. പ്രതിസന്ധി മറികടക്കാൻ മുന്‍ഗണനാടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിസ നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രഥമ പരിഗണന.