തൃശൂർ∙ നഗരത്തിലും പരിസര പ്രദേശങ്ങളിലും കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഏഴു ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചു. 45 ഹോട്ടലുകളിലായിരുന്നു പരിശോധന. വെള്ളിയാഴ്ച രാവിലെ ഹെൽത്ത് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അഞ്ച് ടീമുകളായി തിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു.എംജി റോഡിലെ ചന്ദ്ര ഹോട്ടൽ, ഒളരി ചന്ദ്രമതി ഹോസ്പിറ്റൽ കന്റീൻ, കൊക്കാല കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള പ്രിയ ഹോട്ടൽ, ചേറൂർ നേതാജി ഹോട്ടൽ, ബികാഷ് ബാബു സ്വീറ്റ്സ്, ഹോട്ടൽ വീട്ടിൽ ഊണ്, അറേബ്യൻ ഗ്രിൽ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതെന്ന് തൃശൂർ കോര്‍പറേഷൻ മേയർ എം.കെ.വർഗീസ് പറഞ്ഞു
അതേസമയം, കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എഫ്എസ്എസ് ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും റജിസ്‌ട്രേഷനോ ലൈസന്‍സോ ഉണ്ടായിരിക്കുക, ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ്, പരിശീലനം ഉറപ്പാക്കുക, ഹൈജീന്‍ റേറ്റിങ്, മൊബൈല്‍ ആപ്പ്, ശക്തമായ അവബോധം എന്നിവയിലൂടെ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുകയാണു ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.