ചെന്നൈ: തമിഴ്നാട്ടിൽ നിര്‍ണായക നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാർ. എഐഎഡിഎംകെ നേതാക്കള്‍ക്കെതിരായ അഴിമതിക്കേസുകളില്‍ നടപടികൾ വേഗത്തിലാക്കാന്‍ നീക്കം. അതിനിടെ, ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയോട് ക്രൂരമായി പെരുമാറിയെന്ന ഭാര്യയുടെ പരാതിയിൽ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇഡിക്ക് നോട്ടീസയച്ചു.
എഐഎഡിഎംകെ നേതാക്കള്‍ക്കെതിരായ അഴിമതി കേസുകൾ ആയുധമാക്കി തിരിച്ചടിക്കാൻ ഒരുങ്ങുകയാണ് സ്റ്റാലിൻ സര്‍ക്കാർ. സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിയുടെ സഖ്യ കക്ഷിയായ എഐഎഡിഎംകെയിലെ നേതാക്കളെ പൂട്ടാനുറച്ചാണ് നീക്കം. സി വിജയഭാസ്കര്‍, പി തങ്കമണി, എസ് പി വേലുമണി തുടങ്ങി അര ഡസൻ മുന്‍ മന്ത്രിമാര്‍ക്കെതിരായ കേസുകളില്‍ ജൂലൈ ആദ്യ വാരത്തിനുള്ളിൽ കുറ്റപത്രം നൽകാനാണ് വിജിലൻസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.