ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് മഞ്ഞൾ വെള്ളം. മഞ്ഞൾ അൽപം ചൂടു വെള്ളത്തിൽ ചേർത്താൽ അതിലെ കുർകുമിൻ എന്ന ഘടകം സജീവമായി പ്രവർത്തിക്കാൻ തുടങ്ങുന്നു. കുർകുമിന് അനേകം ഔഷധ ഗുണങ്ങളും ഉണ്ട്. ദിവസവും ഒരു ഗ്ലാസ് മഞ്ഞൾ വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നതായി ഡയറ്റീഷ്യൻ വിധി ചൗള പറഞ്ഞു.
“മഞ്ഞളിന് ഔഷധ ഗുണങ്ങൾ ഉണ്ടെന്നും പല രോഗങ്ങളെ ചെറുക്കാൻ സഹായിക്കുമെന്നും അറിയപ്പെടുന്നു. അതോടൊപ്പം, ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും മഞ്ഞൾ വെള്ളം ഒരു പ്രകൃതിദത്ത ഡിറ്റോക്സായി പ്രവർത്തിക്കുന്നു…-” ചൗള പറയുന്നു.
95 ശതമാനം കുർക്കുമിൻ (മഞ്ഞളിൽ കാണപ്പെടുന്ന സംയുക്തം) അടങ്ങിയ 800 മില്ലിഗ്രാം സപ്ലിമെന്റ് കഴിച്ച അമിതഭാരമുള്ളവർക്ക് കർശനമായ ഭക്ഷണക്രമത്തിൽ ബോഡി മാസ് ഇൻഡക്‌സിൽ 2 ശതമാനം വരെ മാറ്റങ്ങൾ കണ്ടുവെന്ന് കണ്ടെത്തിയതായി യൂറോപ്യൻ റിവ്യൂ ഫോർ മെഡിക്കൽ ആൻഡ് ഫാർമക്കോളജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പിത്തസഞ്ചിയിലും മറ്റ് ദഹന എൻസൈമുകളിലും പിത്തരസത്തിന്റെ ഉത്പാദനം വർദ്ധിപ്പിച്ച് മഞ്ഞൾ ദഹനം വർദ്ധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. വയറുവേദനയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും മഞ്ഞൾ സഹായിക്കുന്നു. ശക്തമായ ഉപാപചയ പ്രവർത്തനം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതുകൊണ്ടാണ് പലപ്പോഴും ഹൃദ്രോഗങ്ങൾ ഉണ്ടാകുന്നത്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു ചൗള പറയുന്നു. രാത്രിയിൽ ചൂടുള്ള ഒരു ഗ്ലാസ് മഞ്ഞൾ വെള്ളം കുടിക്കുന്നത് ശരീരത്തെ വീക്കം ചെറുക്കാൻ സഹായിക്കും. മഞ്ഞളിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെയും വിട്ടുമാറാത്ത കോശജ്വലന രോഗത്തിൻറെയും ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ട്യൂമർ ഇല്ലാതാക്കാനും കാൻസർ സെല്ലുകൾ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും മഞ്ഞൾ സഹായിക്കുന്നു.
വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നതിനാൽ മഞ്ഞൾ രക്തത്തെ ശുദ്ധീകരിക്കുമെന്ന് അറിയപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സഹായിക്കുകയും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മഞ്ഞൾ വെള്ളം ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.