പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ വിചാരണ ആരംഭിച്ചു. ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ട കേസിലാണ് വിചാരണ തുടങ്ങിയത്. ഒന്നാംസാക്ഷിയുടെ വിസ്താരം പൂർത്തിയാക്കിയ കോടതി കേസ് ഓഗസ്റ്റ് ഓന്നിലേക്ക് മാറ്റി. അനീഷിന്റെ സഹോദരൻ അരുണിനെയാണ് ഇന്നലെയും ഇന്നുമായി വിസ്തരിച്ചത്. ഇന്ന് അനീഷിന്റെ ഭാര്യ ഹരിതയുടെ വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും അരുണിൻ്റെ വിസ്താരം നീണ്ടതിനാൽ നടന്നില്ല.
കേസിന്റെ അടുത്ത വിസ്താരം പാലക്കാട് ജില്ലാ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ഓഗസ്റ്റ് ഒന്നിലേക്ക് മാറ്റി. കേസിൽ ആകെ 110 സാക്ഷികളാണ് ഉള്ളത്. കേസിൽ പ്രതികൾ എത്തിയതായി സംശയിക്കുന്ന രണ്ട് ബൈക്കുകൾ കോടതിയിൽ ഹാജരാക്കി. ജഡജ് എൽ ജയവന്ത് ബൈക്കുകൾ കണ്ട് ബോധ്യപ്പെട്ടു. 2020 ഡിസംബർ 25നാണ് തേങ്കുറുശ്ശി ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ടത്. അനീഷും ഹരിതയും പ്രണയിച്ചാണ് വിവാഹിതരായത്. ഹരിതയുടെ വീട്ടുകാർ കല്യാണത്തിന് എതിരായിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ഹരിതയുടെ അച്ഛൻ പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരാണ് പ്രതികൾ. പ്രോസിക്യൂഷന് വേണ്ടി പി.അനിൽ ഹാജരായി.