കൊച്ചി: സംസ്ഥാനത്തെ സി.ബി.എസ്.ഇ സഹോദയകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലെക്സ്സ് സി.ബി.എസ്.ഇ പ്രിന്‍സിപ്പല്‍മാരുടെ സംസ്ഥാന സമ്മേളനവും പരിശീലനവും ഒക്ടോബർ 2, 3 തിങ്കൾ, ചൊവ്വ തീയതികളിൽ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കും. സംസ്ഥാനത്തിനകത്തു നിന്നും രജിസ്റ്റർ ചെയ്ത ആയിരത്തോളം പ്രിന്‍സിപ്പല്‍മാർ പങ്കെടുക്കുന്ന സമ്മേളനം കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.കോൺഫെഡറേഷൻ പ്രസിഡന്‍റ് റവ. ഫാദർ സിജാൻ ഊന്നുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സി.ബി.എസ്.ഇ റീജിയണൽ ഓഫീസർ മഹേഷ് ഡി. ധർമ്മാധികാരി മുഖ്യപ്രഭാഷണം നടത്തും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ‘കോംപിറ്റൻസി ബേസ്ഡ് എഡ്യൂക്കേഷൻ ഭാവിയെ രൂപപ്പെടുത്തുന്നു’ എന്ന വിഷയം ചർച്ച ചെയ്യും. തെരഞ്ഞടുക്കപ്പെട്ട ബെസ്റ്റ് സ്കൂൾ മാഗസിനുള്ള അവാർഡ് വിതരണം ചെയ്യും.
രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്ന വിവിധ സെഷനുകളിലായി കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രഫ. ദേബർഷി ചാറ്റർജി, ഡോ. മേഘനാഥൻ, വിജയൻ ഇ. മേനോൻ, സി.ബി.എസ്.ഇ ജോയിന്‍റ് സെക്രട്ടറി ലേഖൻ ലാൽ മീന, ഡോ. ജിതേന്ദ്ര നാഗപാൽ, രാമാനുജൻ മേഖനാഥൻ എന്നിവർ സംബന്ധിക്കും.
ഗാന്ധി സ്മരണയോട് അനുബന്ധിച്ച് പത്മശ്രീ രാമചന്ദ്ര പുലവൂരും സംഘവും അവതരിപ്പിക്കുന്ന തോൽപാവക്കുത്ത് പരിപാടിയിൽ അവതരിപ്പിക്കും. ഉദ്‌ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി ജോജി പോൾ സ്വാഗതവും ട്രഷറർ ഡോ. എം. ദിനേശ് ബാബു നന്ദിയും പറയും.