തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയുടെ സമ്പൂർണ പദ്ധതി രേഖ പുറത്തുവിട്ട് സംസ്ഥാന സർക്കാർ. ആറ് ഭാഗങ്ങളായി 3773 പേജുകൾ അടങ്ങിയ റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് കെ-റെയിലിന്റെ വിശദമായ രേഖ സംസ്ഥാന സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് അൻവർ സാദത്ത് എംഎഎൽഎ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആരാഞ്ഞിരുന്നു. അതിന് ലഭിച്ച മറുപടിയിൽ പക്ഷേ ഡിപിആർ വിവരങ്ങൾ ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി അവകാശലംഘനത്തിന് നോട്ടിസ് നൽകിയതിന് പിന്നാലെയാണ് നിയമസഭാ വെബ്‌സൈറ്റിലുൾപ്പെടെ ഡിപിആർ പുറത്തുവിട്ടിരിക്കുന്നത്.
ആറ് ഘട്ടങ്ങളിലായാണ് ഡിപിആർ പൂർത്തീകരിച്ചിരിക്കുന്നത്. ധ്രുതഗതിയിൽ നടത്തിയ പരിസ്ഥിതി ആഘാത വിവരങ്ങൾ കൂടി ഡിപിആറിനൊപ്പം വെച്ചിട്ടുണ്ട്. 2025-26 ൽ പദ്ധതി കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് ഡിപിആറിൽ നൽകിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ നെടുമ്പാശേരി വിമാനത്താവളവുമായി പദ്ധതി ബന്ധിപ്പിക്കും. വിദേശ സഞ്ചാരികളെ ലക്ഷ്യംവെച്ചുകൊണ്ട് ടൂറിസ്റ്റ് ട്രെയ്‌നും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റേണ്ടി വരുന്ന മുഴുവൻ കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ ഏതൊക്കെയെന്ന വിവരങ്ങളാണ് ഡിപിആറിൽ ഉള്ളത്. ആറര ലക്ഷം യാത്രക്കാരെയാണ് കെ-റെയിലിൽ പ്രതീക്ഷിക്കുന്നത്.