തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ എത്തും മുൻപേ ചൂട് കൂടുന്നു. ഈ മാസം ഉച്ചയ്ക്കു ശേഷമുള്ള പരമാവധി ശരാശരി താപനില 34.1 ഡിഗ്രി സെൽഷ്യസ് ആയി എന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ഏപ്രിൽ 30 വരെ പകൽ ജോലി സമയം തൊഴിൽ വകുപ്പ് ക്രമീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്. ദീർഘകാല ശരാശരിയെ അപേക്ഷിച്ച് 0.8 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇപ്പോഴത്തെ സംസ്ഥാന താപനില. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഉയർന്ന ചൂട് . ആലപ്പുഴയിൽ 2.11 ഡിഗ്രി സെൽഷ്യസ്, കോട്ടയത്തു 2 ഡിഗ്രി, കോഴിക്കോട് 1.9 ഡിഗ്രി, കണ്ണൂരിൽ 1.7 ഡിഗ്രി എന്നിങ്ങനെയാണു പതിവിൽ കവിഞ്ഞ താപനില. പക്ഷേ, താരതമ്യേന ചൂട് കൂടുതലായ പുനലൂരിൽ 0.6 ഡിഗ്രി മാത്രമേ കൂടുതലുള്ളൂ. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മഴ കുറഞ്ഞതും താപനില ഉയരാൻ കാരണമായതായി കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ഡോ.കെ.സന്തോഷ് പറഞ്ഞു. ഈ രണ്ടു മാസം ലഭിച്ച മഴയിൽ 29% കുറവുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരം ഉൾപ്പെടെ ജില്ലകളിൽ മഴ പെയ്യുന്നുണ്ട്. നേരിയ മഴ പ്രതീക്ഷിക്കാമെന്നാണ് അടുത്ത 5 ദിവസങ്ങളിലേക്കുള്ള പ്രവചനം. ഇതോടെ താപനില അൽപം കുറയാനാണു സാധ്യത.