ദില്ലി: അടിമാലിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൊലീസുകാരന്‍റെ ജാമ്യപക്ഷേയിൽ എതിർത്ത് സംസ്ഥാനം സുപ്രീം കോടതിയിൽ. അടിമാലി സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി നാല് വർഷത്തോളം ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത കേസിലെ പ്രതിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോട്ടയം കടുത്തുരുത്തി സ്വദേശിയും കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയനിൽ സിവിൽ പൊലീസ് ഓഫീസർ അഭിജിത്ത് പ്രകാശാണ് യുവതിയെ പീഡിപ്പിച്ചത്.
2017 മുതൽ നാല് വർഷത്തോളം വിവാഹവാഗ്ദാനം നൽകി ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. കേസിൽ നേരത്തെ അഭിജിത്ത് നൽകിയ ജ്യാമപക്ഷേ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി അപ്പീലുമായി സുപ്രീം കോടതിയിൽ എത്തിയത്. പ്രതിയായ അഭിജിത്ത് പ്രകാശ് നടത്തിയത് ഗുരുതര കുറ്റകൃത്യമാണെന്നും മൂൻകൂർ ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാനം സുപ്രിം കോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി അഹമീദാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്. വിവാഹമോചിതയും രണ്ട് കുട്ടികളുടെയും അമ്മയുമായ പരാതിക്കാരിയും പ്രതിയും സ്കൂളിൽ സഹപാഠികളായിരുന്നു. വർഷങ്ങൾക്ക് ശേഷം അഭിജിത്ത് യുവതിയുമായി വീണ്ടും സൌഹൃദം സ്ഥാപിക്കുയായിരുന്നു. പിന്നീട് യുവതിയെ വിവാഹവാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു.
ക്ഷേത്രത്തിൽ കൊണ്ടു പോയി താലികെട്ടി ഭാര്യയായണെന്ന് വിശ്വസിപ്പിച്ചെന്നും സാമ്പത്തികമായി ചൂഷണം ചെയ്തെന്നും പരാതിയിൽ പറയുന്നു. പൊലീസുകാരൻ മറ്റൊരു യുവതിയുമായി വിവാഹത്തിലേക്ക് കടന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. ആദ്യഘട്ടത്തിൽ പൊലീസ് കേസ് അന്വേഷണം അട്ടിമറിയ്ക്കാൻ ശ്രമിച്ചെന്ന് ആരോപണം ഉയർന്നിരുന്ന കേസാണിത്.