തിരുവനന്തപുരം : കേന്ദ്ര സർക്കാർ പെട്രോളിന് 10 രൂപയും ഡീസലിന് 8 രൂപയും നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും 10 രൂപ വീതം നികുതി കുറയ്ക്കാൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനദ്രോഹനയത്തിൽ നിന്നും സംസ്ഥാനം പിൻമാറിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം നടത്തും. മറ്റു സംസ്ഥാനങ്ങൾ എല്ലാം കേരളത്തേക്കാൾ കുറഞ്ഞ നികുതി ഈടാക്കുമ്പോൾ സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണ്. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോഴും സംസ്ഥാനം നികുതി കുറച്ചിരുന്നില്ല. നികുതി കുറച്ച് ബസ് – ടാക്സി ചാർജ് കുറയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
പെട്രോൾ, ഡീസൽ വില വർദ്ധന രാഷ്ട്രീയമായി തിരിച്ചടിയാകുന്നതായി ബിജെപി ഭാരവാഹികളുടെ യോഗം നേരത്തെ വിലയിരുത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനസർക്കാരുകൾ പലതും വില കുറയ്ക്കണമെന്ന ആവശ്യം നിർദ്ദേശിക്കുകയുമുണ്ടായി. ഇതോടൊപ്പം ദില്ലിയുൾപ്പടെ പലയിടത്തും നടക്കാനിരിക്കുന്ന തദ്ദേശഭരണതെരഞ്ഞെടുപ്പുകളും ഗുജറാത്ത് ഉൾപ്പടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളും വരാനിരിക്കുന്നത് മുന്നിൽ കണ്ടാണ് തീരുവ കുറക്കാനുള്ള തീരുമാനം. കെട്ടിടനിർമ്മാണമേഖലയിലുൾപ്പടെയുള്ള വിവിധ വ്യവസായസംഘടനകളും ഇന്ധനവില പ്രതിസന്ധിയുണ്ടാക്കുന്നതായി സർക്കാരിനെ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് തീരുവ കുറക്കാനുള്ള തീരുമാനമെന്നാണ് വിലയിരുത്തൽ.
അതേസമയം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും കുറഞ്ഞ വില ഇന്ന നിലവിൽ വന്നു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന വില കുറഞ്ഞത്. കേന്ദ്രം പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോട വിപണിയിൽ പെട്രോൾ വില ലീറ്ററിന് 9.50 രൂപയും ഡീസൽ വില ഏഴു രൂപയും കുറഞ്ഞു. ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞു. കേരളത്തിൽ പെട്രോള്‍ ലീറ്ററിന് പെട്രോള്‍ ലീറ്ററിന് 10.52 രൂപയും ഡീസൽ വില 7.40 രൂപയുമാണ് കുറഞ്ഞത്. ആനുപാതിക കുറവല്ലാതെ കേരളം നികുതി കുറക്കാൻ തയ്യാറായിട്ടില്ല.