ഇടുക്കി: ജില്ലാ ടൂറിസത്തിന് പുത്തനുണർവ് നൽകി സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ ആരംഭിക്കുന്നു. കേരളത്തിന്റെ മനോഹരമായ കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ചുകൊണ്ട് കാണാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്‌ക്രീനിൽ മാത്രം കണ്ട് പരിചയമുളള കാരവനുകൾ കേരള ടൂറിസത്തിന്റെ ഭാഗമാകുന്നത് ടൂറിസം മേഖലയ്ക്ക് കൂടുതൽ സാദ്ധ്യതകൾ തെളിയിക്കുന്നു.
സ്വകാര്യ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ‘കാരവൻ കേരള’ പദ്ധതി നടപ്പാക്കുന്നത്. സ്വദേശികൾക്കും ഇതരസംസ്ഥാനക്കാർക്കും വിദേശികൾക്കും കേരളത്തിന്റെ പ്രകൃതിഭംഗി കൂടുതൽ ആസ്വദിക്കാൻ അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.2021 ഒക്ടോബറിൽ ആരംഭിച്ച കാരവൻ കേരള പദ്ധതിയിൽ സ്വകാര്യമേഖലയിൽ നിന്നും ഇതുവരെ 303 കാരവനുകൾക്കായി 154 വ്യക്തികൾ/സ്ഥാപനങ്ങൾ ടൂറിസം വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. ആദ്യ 100 കാരവൻ പാർക്കുകൾക്കായി 67 വ്യക്തികൾ/സ്ഥാപനങ്ങൾ മുന്നോട്ട് വന്നുകഴിഞ്ഞു. സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വേനലവധിക്കു മുൻപ് വാഗമണിൽ തുറക്കാനുളള തയ്യാറെടുപ്പിലാണ്.
ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടിയ അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ അറിയപ്പെടുന്നതും വികസിച്ചു വരുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് കാരവനിൽ എത്താനാവും. കൂടാതെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഏറ്റവുമടുത്തുള്ള സുരക്ഷിതമായ സ്ഥലങ്ങളിൽ കാരവൻ പാർക്കുകളുമുണ്ടാവും. രാത്രികാലങ്ങളിൽ അവിടെ വിശ്രമിക്കാം.
ടൂറിസത്തിന്റെ പ്രാധാന്യം അനുസരിച്ച് അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവൻപാർക്കുകൾക്ക് അനുമതി നൽകുന്നത്. 50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ 100 കാരവൻ അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപതുകയുടെ 15 ശതമാനം, അടുത്ത 100 പേർക്ക് യഥാക്രമം 5 ലക്ഷം, 10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ 5 ശതമാനം എന്നിങ്ങനെ സബ്സീഡി വിനോദസഞ്ചാര വകുപ്പ് നൽകുന്നുണ്ട്.
കേരളത്തിലെ പ്രകൃതിരമണീയമായ ഉൾഗ്രാമങ്ങളിൽ താമസിച്ച് ഗ്രാമീണജീവിതം അറിയാനുള്ള സൗകര്യം കാരവൻ ടൂറിസത്തിന്റെ ഭാഗമാണ്. നെൽവയൽ, കൃഷി, ജലസംഭരണി, ഉൾനാടൻ മൽസ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ, കലാകാരൻമാർ, കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി വിപുലമായണ് പദ്ധതി നടപ്പിലാക്കുന്നത്.