തിരുവനന്തപുരം : തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി അതിഥി തൊഴിലാളി ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തി. വിവിധ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന നൂറിൽപരം സ്ഥലങ്ങളും ഉദ്യോഗസ്ഥർ സന്ദർശിച്ചു.4368 അതിഥി തൊഴിലാളികളെയും 586 തദ്ദേശീയരായ തൊഴിലാളികളെയും ഉദ്യോഗസ്ഥർ നേരിട്ടു കണ്ടു.
നിർമാണ മേഖലയിൽ ഇവർക്ക് നൽകുന്ന സുരക്ഷാ ക്രമീകരണങ്ങളും അതിഥി തൊഴിലാളികൾക്ക് അനുവദിച്ചിരിക്കുന്ന താമസസൗകര്യവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും പരിശോധിച്ചു. ഈ പരിശോധനയിൽ ശോചനീയമായ താമസസൗകര്യത്തിൽ പാർത്തിരുന്ന അതിഥിതൊഴിലാളികളെ അവിടെനിന്നും മാറ്റി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് നൽകുന്ന ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് നിർദേശം നൽകി.
നിലവിലെ ക്യാമ്പുകളിലെ അടിസ്ഥാനസൗകര്യങ്ങൾ കുറവ് കണ്ടെത്തിയിടങ്ങളിൽ അടിയന്തരമായി പരിഹരിക്കുന്നതിന് തൊഴിലുടമകൾക്ക് നിർദേശം നൽകി. ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ നിയമ പ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങൾ തൊഴിലാളികൾക്ക് നൽകിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് പരിശോധനയിൽ നിർമാണ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ കെട്ടിയിട്ടില്ലായെന്ന് കണ്ടെത്തി.
ഹെൽമെറ്റ്, സേഫ്റ്റി ബെൽറ്റ് മുതലായവ തൊഴിലാളികൾക്ക് നൽകിയിട്ടില്ലെന്നും സേഫ്റ്റി നെറ്റുകൾ ഉറപ്പിച്ചിട്ടില്ലായെന്നും വ്യക്തമായി. ഇവ അടിയന്തരമായി പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കും. അതിഥി തൊഴിലാളികളെ വൃത്തിഹീനമായ സാഹചര്യത്തിൽ താമസിപ്പിച്ച തിരുവനന്തപുരം ചാല റെയിൻബോ കോംപ്ലക്സ് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്താകെ പരിശോധന നടത്താൻ മന്ത്രി ലേബർ കമ്മീഷണർ കെ.വാസുകി നിർദേശം നൽകിയത്.