ബംഗാൾ : വെസ്റ്റ് ബംഗാൾ സർക്കാർ യുണിസെഫുമായി ചേർന്ന് ശിശുസൗഹൃദ സംഘങ്ങളോ, അല്ലെങ്കിൽ സ്വയം സഹായ സംഘടനകളിലെ അംഗങ്ങൾ ഉൾക്കൊള്ളുന്ന ക്ലസ്റ്ററുകളോ രൂപീകരിക്കുന്നു. സംസ്ഥാനത്ത് കൂടിവരുന്ന ശൈശവ വിവാഹങ്ങൾ, കൗമാരക്കാരുടെ ഗർഭധാരണം എന്നിവ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം.
യുണിസെഫിന്റെ പ്രഖ്യാപനമനുസരിച്ച്, ഈ രണ്ട് കാര്യങ്ങളും തടയുന്നതിനുള്ള പരീക്ഷണ പദ്ധതിയായി സംസ്ഥാനത്തെ 23 ജില്ലകളിലെ 87 ബ്ലോക്കുകളിലായി അടുത്ത ആറ് മാസത്തിനുള്ളിൽ 110 ശിശുസൗഹൃദ സംഘങ്ങൾ രൂപീകരിക്കാൻ സംസ്ഥാന ഭരണകൂടവും യുണിസെഫും പദ്ധതിയിട്ടിട്ടുണ്ട്.
വെള്ളിയാഴ്ച കൊൽക്കത്തയിൽ നടന്ന ശിൽപശാലയുടെ സമാപനത്തിൽ എസ്എച്ച്ജി അംഗങ്ങളും അവരുടെ കുടുംബങ്ങളും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം എന്ന് വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് റൂറൽ ലൈവ്‍ലിഹുഡ് മിഷൻ (എസ്ആർഎൽഎം) സംസ്ഥാന മിഷൻ ഡയറക്ടറും സിഇഒയുമായ വിഭു ഗോയൽ പറഞ്ഞു.
നാഷണൽ ഫാമിലി ഹെൽത്ത് സർവേയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ശൈശവ വിവാഹത്തിലും കൗമാരക്കാരുടെ ഗർഭധാരണത്തിലും പശ്ചിമ ബംഗാൾ ആണ് രാജ്യത്ത് മുന്നിൽ. ഡാറ്റ അനുസരിച്ച്, 2019-20 -ൽ ദേശീയ കുടുംബാരോഗ്യ സർവേ -5 പ്രകാരം ഇവിടെ കൗമാരപ്രായത്തിലുള്ള 16.4% സ്ത്രീകളാണ് അമ്മമാരായത്. ഇവിടെ 20 -നും 24 -നും ഇടയിൽ പ്രായമുള്ള 41.6% സ്ത്രീകളും അവരുടെ കൗമാര പ്രായത്തിൽ വിവാഹിതരായവരാണ്.
രൂപീകരിക്കുന്ന സംഘങ്ങളുടെ ലക്ഷ്യം 18 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾ വിവാഹിതരാവുന്നില്ല എന്ന് ഉറപ്പ് വരുത്തുക എന്നത് കൂടിയാണ്. സംസ്ഥാനത്തെ 70.8% കൗമാരക്കാരായ സ്ത്രീകളും വിളർച്ചയുള്ളവരാണ്. അതിനാൽ തന്നെ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യം വർധിപ്പിക്കുന്നതിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനായുള്ള എല്ലാ പിന്തുണയും യുണിസെഫ് നൽകും.