മണ്ണാർക്കാട്: മധുവിനെ മുക്കാലിയിൽ നിന്ന് പൊലീസ് ജീപ്പിൽ കയറ്റിയവരെ കുറിച്ച് എസ് ഐ പ്രസാദ് വർക്കി പൊലീസിനും മജിസ്ട്രേട്ടിനും നൽകിയ മൊഴിയിൽ വൈരുധ്യം. അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ.സുബ്രഹ്മണ്യനെ വിസ്തരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യകതമായത്. മധുവിനെ താനും പൊലീസുകാരും ചേർന്നാണ് ജീപ്പിൽ കയറ്റിയതെന്നാണ് മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയ മുൻ മണ്ണാർക്കാട് ഫസ്റ്റ്ക്ലാസ് ഡൂഡിഷ്യൽ മജിസ്ട്രേട്ട് എ.രമേശന് നൽകിയ മൊഴിയിൽ പ്രസാദ് വർക്കി പറയുന്നത്.
അതേസമയം മുക്കാലിയിൽ കൂടി നിന്നവരാണ് മധുവിനെ പൊലീസ് ജീപ്പിൽ കയറ്റിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് പ്രസാദ് വർക്കി മൊഴി നൽകിയതെന്ന് പ്രതിഭാഗം അഭിഭാഷകൻ ടി ഷാജിത് ചൂണ്ടിക്കാട്ടി. ഒന്നാം പ്രതി ഹുസൈൻ മധുവിന്റെ അടുത്തുള്ളപ്പോഴത്തെ സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന ആരെയും സാക്ഷിയാക്കിയില്ല. ഹുസൈൻ മധുവിനെ ചവിട്ടുന്നത് ദൃശ്യങ്ങളിൽ നിന്ന് കാണാനാവില്ല. ഹുസൈന്റെ മുൻപിലോ പിന്നിലോ ഉണ്ടായിരുന്ന ആരെയും സാക്ഷിയാക്കാത്തതിനാൽ ഹുസൈൻ മധുവിനെ ചവിട്ടുന്നത് കണ്ടെന്ന വാദം വിശ്വസിക്കാൻ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു. ഒന്നാം പ്രതി ഹുസൈന്റെ അഭിഭാഷകനാണ് നാലു ദിവസമായി അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിച്ചത്.
ഇനിയുള്ള ദിവസങ്ങളിൽ മറ്റു പ്രതികളുടെ അഭിഭാഷകരുടെ വിസ്താരം തുടരും. മറ്റൊരു മജിസ്റ്റീരിയിൽ റിപ്പോർട്ട് തയാറാക്കിയ ഒറ്റപ്പാലം മുൻ സബ് കലക്ടർ ജെറോമിക് ജോർജിനെ വീണ്ടും വിസ്തരിക്കുന്നത് അദ്ദേഹത്തിന്റെ കൂടി സമയം നോക്കി തീരുമാനിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഒന്നാം പ്രതിയുടെ അഭിഭാഷകര്‍ക്ക് വേണ്ടി മുൻ മണ്ണാർക്കാട് മജിസ്ട്രേട്ടിനെ വിസ്തരിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും.
മധു വധക്കേസിലെ സീൻ മഹസറിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും വിട്ടു പോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻ അഗളി ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യൻ പ്രതി ഭാഗത്തിന്റെ വിസ്താരത്തിനിടെയാണ് വെളിപ്പെടുത്തിയിരുന്നു.