റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ തൊഴിൽ വിപണിയിൽ നടപ്പാക്കുന്ന സ്വദേശിവത്കരണ പദ്ധതി ‘നിതാഖാത്’ തൊഴിലില്ലായ്മ കുറക്കുന്നതിൽ വിജയം കണ്ടെന്ന് മാനവ വിഭവശേഷി മന്ത്രാലയം. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 22.3 ലക്ഷം കവിഞ്ഞു. തൊഴിലവസരങ്ങൾ സ്വദേശിവത്ക്കരിക്കുന്നതിനും തൊഴിൽ വിപണിയിൽ സ്വദേശികളുടെ തുടർച്ച ഉറപ്പാക്കുന്നതിനും ആരംഭിച്ച ‘നിതാഖാത് മുത്വവർ’ പ്രോഗ്രാമിന്റെ ഫലമായാണ് ഇത്രയും പേർക്ക് തൊഴിലവസരങ്ങൾ ലഭിച്ചത്.
സ്വദേശിവത്കരണത്തിനായി സ്വകാര്യമേഖലാ സ്ഥാപനങ്ങളെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നിതാഖാത് പ്രോഗ്രാം നടപ്പാക്കിയത്. ഒന്നും രണ്ടും ഘട്ടങ്ങളുടെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആരംഭിച്ച ആദ്യ വർഷത്തിൽ പ്രോഗ്രാം നല്ല ഫലങ്ങൾ കൈവരിച്ചതായാണ് വിലയിരുത്തൽ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2022 അവസാനത്തോടെ 21 ലക്ഷത്തിലധികമായി. ആ വർഷം പുതുതായി തൊഴിലിൽ ചേര്‍ന്ന സ്വദേശികളുടെ എണ്ണം 2,77,000 ആയി. ഇതോടെ 80 ശതമാനം ലക്ഷ്യം കണ്ടു.
രണ്ടാം ഘട്ടം ആരംഭിച്ചതിന് ശേഷവും മന്ത്രാലയം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിവിധ പരിപാടികൾ തുടരുകയാണ്. ഈ വർഷം ആദ്യ പാദത്തിൽ ഏകദേശം 35,000 സ്വദേശികൾക്ക് ജോലി ലഭിച്ചു. ഇതോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 22.3 ലക്ഷത്തിലധികമായി. മന്ത്രാലയത്തിന്റെ മറ്റ് പരിപാടികളോടൊപ്പം തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനം എന്ന ചരിത്രപരമായ തലത്തിലേക്ക് കുറയ്ക്കുന്നതിന് നിതാഖാത്ത് മുത്വവർ സഹായിച്ചിട്ടുണ്ട്.
2021ന്റെ മധ്യത്തിലാണ് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിതാഖത്ത് മുത്വവർ പ്രോഗ്രാം ആരംഭിച്ചത്. എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കും പ്രോഗ്രാമിലെ മാറ്റങ്ങളോട് പ്രതികരിക്കാനും അത് പ്രാബല്യത്തിൽ വരുന്നത് വരെ അതിന്റെ ആവശ്യകതകൾക്ക് അനുസൃതമായി മാനവ വിഭവശേഷി പദ്ധതികൾ മെച്ചപ്പെടുത്താന്‍ സമയം നൽകിയിരുന്നു. സ്വദേശികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു നിരവധി പ്രോത്സാഹന പരിപാടികളും സൗകര്യങ്ങളും മന്ത്രാലയം നൽകിയിരുന്നു.