ചെന്നൈ : മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെന്നി ക്വിക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ നാടായ ബ്രിട്ടനില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥാപിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഈ കാര്യം ചൂണ്ടിക്കാട്ടുന്നത്. പെന്നിക്വിക്കിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബര്‍ലിയില്‍ പ്രതിമ സ്ഥാപിക്കാനുള്ള നടപടികളാണ് മുന്നോട്ടുപോകുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് തമിഴ്‌നാട്ടിലെ 5 ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നത്. ജോണ്‍ പെന്നി ക്വിക്കിന്റെ ജന്മദിനത്തോട് അനുബന്ധിച്ചി ട്വിറ്റിലൂടെയാണ് സ്റ്റാലിന്‍ ഈ കാര്യം വ്യക്തമാക്കിയത്. കേണല്‍ ജോണ്‍ പെന്നി ക്വിക്കിന്റെ ജന്മദിനമാണ് ഇന്ന് മുല്ലെപ്പെരിയാര്‍ അണക്കെട്ട് സ്ഥാപിക്കുന്നതിലൂടെ ഇദ്ദേഹം തമിഴ്‌നാട് കര്‍ഷകരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഒരു പ്രതിമ ഇദ്ദേഹത്തിന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബര്‍ലിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ സ്ഥാപിക്കും- സ്റ്റാലിന്റെ ട്വീറ്റ് പറയുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉപഞ്ജാതാവും, സൃഷ്ടികര്‍ത്താവുമായറിയപ്പെടുന്ന ഇംഗ്ലീഷുകാരനാണ് ജോണ്‍ പെനി ക്യൂക്ക്. 1858ല്‍ റോയല്‍ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജില്‍നിന്ന്, ബ്രിട്ടീഷ് റോയല്‍ എഞ്ചിനീയര്‍ എന്ന ബിരുദംകരസ്ഥമാക്കിയ ആളായിരുന്നു ജോണ്‍ പെനിക്യൂക്ക്. മുല്ലപ്പെരിയാര്‍ അണക്കെട്ടുകൊണ്ടു പരിപോഷിതമായ പ്രദേശങ്ങളിലെ ഭവനങ്ങളില്‍ ദൈവങ്ങളുടെ ചിത്രത്തോടൊപ്പം ജോണ്‍ പെനിക്യൂക്കിന്റെ ചിത്രംകൂടെ ആളുകള്‍ വയ്ക്കാറുണ്ട്. ജോണ്‍ പെനിക്യൂക്കും മേജര്‍ റൈവുംകൂടെ വളരെക്കാലംശ്രമിച്ച്, മുല്ലപ്പെരിയാര്‍ അണക്കെട്ടിനുവേണ്ടി ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെക്കണക്കനുസരിച്ച്, 62 ലക്ഷം ഇന്ത്യന്‍ രൂപ ചെലവുവരുന്ന പദ്ധതിയായിരുന്നു ഇരുവരുംചേര്‍ന്നു തയ്യാറാക്കിയത്. 1887ല്‍ അണക്കെട്ടിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിക്കുകയും ഉടന്‍തന്നെ നിര്‍മ്മാണമാരംഭിക്കുകയുംചെയ്തു. പക്ഷേ, കനത്തമഴയും വെള്ളപ്പൊക്കവും നിര്‍മ്മാണത്തെ ഇടതടവില്ലാതെ തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയഭാഗം വെള്ളപ്പാച്ചിലില്‍ നശിച്ചുപോയി. ജോലിക്കാര്‍ ഹിംസമൃഗങ്ങള്‍ക്കിരയായി, കുറേയേറെപ്പേര്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.
ഇതോടെ ഈ നിര്‍മ്മാണം തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. നിരാശനായ ജോണ്‍ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു പോയി. എന്നാല്‍ ഈ താന്‍തന്നെ ഈ അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം ദൃഢപ്രതിജ്ഞയെടുത്തിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോര്‍ജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യംമുഴുവന്‍ വിറ്റുപണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവരികയും ഒരു വേനല്‍ക്കാലത്തിന്റെ ആരംഭത്തില്‍ നിര്‍മ്മാണം പുനരാരംഭിക്കുകയും ചെയ്തു. തൊട്ടുപിന്നാലെവന്ന മഴക്കാലം ആ അടിത്തറയെ തകര്‍ത്തില്ല, പെനിക്യൂക്കിന്റെ ദൃഢനിശ്ചയത്തിന്, സര്‍ക്കാര്‍ ഉറച്ചപിന്തുണനല്‍കി. 1895ല്‍ അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.എണ്‍പത്തൊന്നുലക്ഷത്തി മുപ്പതിനായിരം രൂപ ( 81,30,000) ആകെച്ചെലവായി.
മുല്ലയാര്‍നദിക്കു കുറുകേ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. തേക്കടിയിലെ പെരിയാര്‍ വന്യജീവിസങ്കേതം ഈ അണക്കെട്ടിന്റെ ജലസംഭരണിക്കുചുറ്റുമായി സ്ഥിതിചെയ്യുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന നിശ്ചിതഅളവു വെള്ളം, തമിഴ്നാട്ടില്‍ ജലസേചനത്തിനും വൈദ്യുതിനിര്‍മ്മാണത്തിനുമാണുപയോഗിക്കുന്നത്. അണക്കെട്ടില്‍നിന്നു പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴിയാണ് വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നത്. തമിഴ്‌നാടിലെ വൈഗ നദിയുടെ താഴ്വരയിലെ പ്രദേശങ്ങള്‍ക്കു ജലസേചനത്തിനായി, പെരിയാര്‍ വൈഗൈജലസേചനപദ്ധതിയില്‍ നിര്‍മ്മിച്ച ഈ അണക്കെട്ട്, ഏറെക്കാലങ്ങളായി രണ്ടു സംസ്ഥാനങ്ങള്‍തമ്മിലുള്ള തര്‍ക്കത്തിനു വിഷയമായിരിക്കുകയാണ്. ജലനിരപ്പുയര്‍ത്തണമെന്നു തമിഴ്നാട് ആവശ്യപ്പെടുകയും എന്നാല്‍ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നുപറഞ്ഞ്, കേരളസര്‍ക്കാര്‍ ഈ ആവശ്യത്തെ നിരാകരിക്കുകയുംചെയ്തു. സുപ്രീംകോടതിയില്‍ ജലനിരപ്പ് സംബന്ധിച്ച് കേസില്‍ തമിഴ്‌നാടാണ് വിജയിച്ചത്.