കൊച്ചി: കോടതിയിലെ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് മന്ത്രി ആന്റണി രാജുവിനെതിരെ നിലവിലുള്ള കേസിലെ വിചാരണനടപടികൾക്ക് അനുവദിച്ച സ്റ്റേ ഹൈകോടതി നാലുമാസത്തേക്ക് നീട്ടി.നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾക്കുള്ള സ്റ്റേയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ നീട്ടിയത്. നടപടിക്രമങ്ങൾ പാലിച്ചല്ല കേസെടുത്തത് എന്നതിനാൽ തുടർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹരജിയിലാണ് ഹൈകോടതി നേരത്തേ വിചാരണ സ്റ്റേ ചെയ്തത്.
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ വിദേശിയെ തൊണ്ടിമുതലിൽ കൃത്രിമം കാട്ടി കേസിൽനിന്ന് രക്ഷിച്ചെന്ന് ആരോപിച്ചാണ് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ തൊണ്ടിക്ലാർക്കിനുമെതിരെ കേസെടുത്തത്. 1994ലാണ് സംഭവം. വിദേശ പൗരനെ വിചാരണക്കോടതി 10 വർഷം കഠിനതടവിന് ശിക്ഷിച്ചെങ്കിലും അപ്പീലിൽ ഹൈകോടതി വെറുതെവിട്ടു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് വിലയിരുത്തിയാണ് കുറ്റമുക്തനാക്കിയത്.
അഭിഭാഷകനായ ആന്റണി രാജു ക്ലർക്കിനെ സ്വാധീനിച്ച് തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയാണ് പ്രതിയെ രക്ഷിച്ചതെന്ന് കണ്ടെത്തിയതോടെ വലിയതുറ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ഇത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നാണ് ആന്റണി രാജുവിന്റെ വാദം. കേസെടുക്കാൻ പൊലീസിന് അധികാരമില്ലെന്നും കോടതി നേരിട്ടാണ് നടപടി സ്വീകരിക്കേണ്ടതെന്നും ഹരജിക്കാരൻ വാദിക്കുന്നു.