കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പായസ വിൽപ്പനക്കാരിയായ വീട്ടമ്മയുടെ സ്വർണ്ണ മോതിരങ്ങൾ മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീരുമേട് പട്ടുമല എസ്റ്റേറ്റ് ഭാഗത്തുള്ള വിഷ്ണു എന്ന് വിളിക്കുന്ന സജീവ് ബാബുവാണ് മോഷണം നടത്തി നാല് മാസങ്ങൾക്ക് ശേഷംപിടിയിലായത്. കഴിഞ്ഞ നവംബർ പന്ത്രണ്ടാം തീയതിയാണ് സജീവ് പായസ വിൽപ്പനക്കാരിയുടെ മോതിരങ്ങൾ അടിച്ചെടുതത്തത്.
വീട്ടമ്മ പായസ വിൽപ്പനയ്ക്കായി കടയിൽ നിന്ന് മാറിയ സമയത്തായിരുന്നു മോഷണം. കണ്ണൊന്ന് തെറ്റിയതോടെ കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണമോതിരങ്ങൾ മോഷ്ടിച്ചുകൊണ്ട് ഇയാൾ കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തമിഴ്നാട് നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോട്ടയം മറ്റൊരു മോഷണക്കേസിൽ ഒറു യുവാവ് കൂടി പൊലീസിന്‍റെ പിടിയിലായി. കോതനെല്ലൂരിൽ നടന്ന സ്കൂട്ടർ മോഷണക്കേസിലാണ് വെമ്പള്ളി സ്വദേശി അനീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. നമ്പ്യാകുളം സ്വദേശിയായ യുവാവിന്റെ വീടിന്റെ പോർച്ചിൽ ഉണ്ടായിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടര്‍ ആണ് അനീഷ് മോഷ്ടിച്ചത്.
പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ സ്കൂട്ടർ മോഷണം നടത്തുന്നതിന് മുൻപുള്ള ദിവസം കോതനെല്ലൂരുള്ള ആളൊഴിഞ്ഞ മറ്റൊരു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായും പ്രതി പൊലീസിനോട് പറഞ്ഞു. ഇത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.